വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും

Update: 2024-11-23 01:12 GMT

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെയും വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ ഇന്നറിയാം. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഉച്ചയോടെ ആര് ജയിച്ചുവെന്നുള്ള ഏകദേശ ചിത്രം ലഭിക്കും.

പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിനും യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തിലും എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാറുമാണ് മല്‍സരിച്ചത്.

ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറും മത്സരിച്ചു.

വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും വലിയ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലവും ഇന്ന് പുറത്ത് വരും.




Similar News