ആഭ്യന്തര വിമാന യാത്രക്കാരുടെ വിവരങ്ങള്‍ തേടി ദേശീയ ഇന്റലിജന്‍സ് ഗ്രിഡ്
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍ലൈന്‍സ്, മിനിസ്ട്രി, നാറ്റ്ഗ്രിഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 30ന് ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്ന് വ്യോമയാന മന്ത്രാലയത്തോടും വ്യവസായ റെഗുലേറ്ററിനോടും ആവശ്യപ്പെട്ട് ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്). പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ പറക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ഡാറ്റാബേസിലേക്ക് നല്‍കാനാണ് നിര്‍ദേശം.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍ലൈന്‍സ്, മിനിസ്ട്രി, നാറ്റ്ഗ്രിഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 30ന് ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
'അത്തരം ഡാറ്റ ആവശ്യപ്പെടാന്‍ നിയമം അവര്‍ക്ക് അധികാരം നല്‍കുന്നു. നിയമങ്ങള്‍ അനുസരിച്ച്, അവര്‍ക്ക് വിവരങ്ങള്‍ നിഷേധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഏത് ഏജന്‍സിയാണ് വിമാനക്കമ്പനികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടതെന്ന് സര്‍ക്കാറിന്റെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (BOI), കസ്റ്റംസ് എന്നിവയുമായി വിമാനക്കമ്പനികള്‍ ധാരാളം വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയവും ഡിജിസിഎയും നാറ്റ്ഗ്രിഡിനോട് പറഞ്ഞു. മന്ത്രാലയമോ ഡിജിസിഎയോ ഒരു വിവരവും ശേഖരിച്ച് ഏജന്‍സികളുമായി പങ്കിടുന്നില്ല. വിമാനക്കമ്പനികള്‍ അവ ഏജന്‍സികളുമായി നേരിട്ട് പങ്കിടുകയും ഡാറ്റ ഇമിഗ്രേഷന്‍, കസ്റ്റംസ് വകുപ്പുമായി പങ്കിടുകയും ചെയ്യുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ നാറ്റ്ഗ്രിഡ് ശേഖരിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് അവരുടെ അന്വേഷണത്തിനായി ലഭ്യമാക്കുമെന്നും വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചു.