ഗസയുടെ നിയന്ത്രണം ഏറ്റെടുക്കല്‍ ലക്ഷ്യമല്ലെന്ന്; മലക്കംമറിഞ്ഞ് നെതന്യാഹു
ജെറുസലേം: ഒരു മാസത്തിലേറെയായി കൂട്ടക്കൊല തുടരുന്ന ഗസയുടെ സമ്പൂര്‍ണ സുരക്ഷിതത്വം ഏറ്റെടുക്കുമെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെ മലക്കംമറിഞ്ഞ് നെതന്യാഹു. ഗസയില്‍ ദീര്‍ഘകാലം അധിനിവേശം നടത്താനുള്ള തീരുമാനത്തിനെതിരേ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിലപാട് മാറ്റിപ്പറഞ്ഞത്. ഗസയുടെ നിയന്ത്രണമോ അധിനിവേശമോ അല്ല നല്ലൊരു ഭാവിയെ കണ്ടെത്തലാണ് ഞങ്ങളുടെ ലക്ഷ്യമെന്നുും നെതന്യാഹു പറഞ്ഞു. ഇതിനിടെ, വടക്കന്‍ ഗസയില്‍ നാലുമണിക്കൂര്‍ മാനുഷിക ഇടവേള പ്രഖ്യാപിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചെന്ന് വൈറ്റ്ഹൗസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിത ഇടനാഴിയൊരുക്കാനാണ് പ്രതിദിനം നാലുമണിക്കൂര്‍ ആക്രമണത്തിന് അയവുവരുത്തുന്നതെന്നാണ് വൈറ്റ്ഹൗസ് സുരക്ഷാസമിതി വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത്. ഇത് ഇസ്രായേല്‍ സമ്മതിച്ചെന്നായിരുന്നു അറിയിച്ചത്. വ്യാഴാഴ്ചമുതല്‍ ഇത് നിലവില്‍വന്നതായും വ്യക്തമാക്കിയിരുന്നു. തെക്കന്‍ ഗസയിലേക്ക് പോവുന്നവര്‍ക്ക് ഉത്തരദക്ഷിണ ഹൈവേയുമായി ചേരുന്ന തീരദേശറോഡുവഴിയും ഇടനാഴി തുറന്നിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മാനുഷിക ഇടവേള പ്രഖ്യാപിക്കുന്നത്. ഗസാസിറ്റിയില്‍നിന്ന് പതിനായിരങ്ങള്‍ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യുന്നുണ്ട്. കാല്‍നടയായും കഴുതപ്പുറത്തും മറ്റുമാണ് പലരുടെയും യാത്ര. ഇന്ധനമില്ലാത്തതിനാല്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. ബുധനാഴ്ച അരലക്ഷത്തോളം പേര്‍ ഒഴിഞ്ഞുപോയെന്നാണ് ഇസ്രയേല്‍ അധിനിവേശ സൈന്യം പറയുന്നത്.