പുതിയ ദാവൂദ്, പുതിയ ഗോലിയാത്ത്

യുദ്ധനിയമങ്ങള്‍ ആകെ അട്ടിമറിച്ചതോടെയാണ് ഹമാസ് പുതിയ ദാവൂദും ഇസ്രായേല്‍ പുതിയ ഗോലിയാത്തുമായത്.

Update: 2021-05-28 06:12 GMT

1948ല്‍ ഫലസ്തീന്‍ വിഭജനം സംബന്ധിച്ച യുഎന്‍ പാസാക്കിയ പ്രമേയത്തിലെ വ്യവസ്ഥകള്‍ മുഴുവന്‍ ചാവുകടലിലൊഴുക്കി സയണിസ്റ്റുകള്‍ ഒരു കുടിയേറ്റ രാഷ്ട്രം പ്രഖ്യാപിച്ചപ്പോള്‍ ഈജിപ്ത്, സിറിയ, ഇറാഖ്, ജോര്‍ദ്ദാന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങളൊക്കെ കോളനികളായിരുന്നു. ഒരധികാരവുമില്ലാത്ത അടിമകളാണ് എല്ലായിടത്തും ഭരിച്ചിരുന്നത്. അതിനാല്‍തന്നെ അറബികളുടെ സൈനികനീക്കത്തെ ധീരമായി പ്രതിരോധിച്ചുകൊണ്ടാണ് ഇസ്രായേല്‍ നിലവില്‍ വന്നത് എന്ന വെള്ളം കുടിച്ചിറക്കേണ്ട നുണ അന്നു വ്യാപകമായി. ഇസ്രായേല്‍ പഴയ നിയമത്തിലെ ദാവീദ് ആണെന്നായിരുന്നു സയണിസ്റ്റ് പ്രചാരണം. മറുഭാഗത്ത് ദ്വന്ദയുദ്ധത്തില്‍ ദാവീദ് തോല്‍പിച്ച ഗോലിയാത്ത്.

പിന്നീടുള്ള എല്ലാ സയണിസ്റ്റ് ആക്രമണങ്ങളുടെയും തിരക്കഥ അതിനനുസരിച്ചു തയ്യാറാക്കിയതാണ്. നോവലുകളും ചലച്ചിത്രങ്ങളും അതേ ആഖ്യാനം ആവര്‍ത്തിച്ചു. ഒറ്റക്ക് പോരാടി അറബികളെ മറിച്ചിടുന്ന കൊച്ചു രാഷ്ട്രം എന്ന പൈങ്കിളിക്കഥ ഇപ്പോഴും പലരും ആവേശത്തോടെ വായിച്ചു അടുത്തലക്കത്തിന്നുവേണ്ടി കാത്തിരിക്കാറുണ്ട്. സൈനികമായോ രാഷ്ട്രീയമായോ ശേഷിയില്ലാത്ത അറബ് ഏകാധിപത്യത്തില്‍ ജനാധിപത്യം മുളയെടുക്കാതിരിക്കാന്‍ 70 വര്‍ഷമായി ഇസ്രായേലും അതിന്റെ തലതൊട്ടപ്പന്‍മാരും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

ഏകോപിച്ച ഒരു നീക്കത്തിനും സാധ്യമല്ലാത്ത 'യാഥാസ്ഥിതികരും' പുരോഗമനകാരികളും ഗോത്രത്തലവന്‍മാരും പൗരന്‍മാരെ ദാരിദ്ര്യത്തിലും നിരക്ഷരതയിലും ബന്ധനസ്ഥരാക്കി. അങ്ങനെ കഴിയുന്ന ഇസ്രായേല്‍ എന്ന ദാവീദ് ബലൂണില്‍ ആദ്യം സൂചി കയറ്റിയത് ലബ്‌നാനിലെ ഹിസ്ബുല്ലയാണ്. തിരിച്ചടിയില്ലാത്ത ആക്രമണങ്ങള്‍ ആയിരുന്നു സയണിസ്റ്റുകളുടെ സ്ഥിരം കലാപരിപാടി. ഈജിപ്തിനെ പണം കൊടുത്ത് മെരുക്കി. സിറിയയിലെ നുസൈരി ഏകാധിപതി ഹാഫിസുല്‍ അസദുമായി രഹസ്യസമാധാനസന്ധി ഒപ്പുവെച്ചു. ജോര്‍ദ്ദാനിലെ ഹുസയ്‌നും ഫലസ്തീന്‍കാരെ ആട്ടിപ്പായിക്കാന്‍ സൈനികസഹായം നല്‍കി. അങ്ങിനെ ഒന്നു ഞെളിഞ്ഞിരിക്കുന്നതിന്നിടയിലാണ് 1982 ല്‍ യുദ്ധമന്ത്രിയും യുദ്ധകുറ്റവാളിയുമായ അരിയല്‍ ഷാറോന്റെ നേതൃത്വത്തില്‍ ലബനീസ് അധിനിവേശം നടക്കുന്നത്. അന്ന് ഇസ്രയേലി സൈന്യം ബൈറൂത്ത് വരെയെത്തിയിരുന്നു. പക്ഷേ ആക്രമണത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇസ്രായേലിനു കഴിഞ്ഞില്ല. കാരണം ഹിസ്ബുല്ല.

വലതുപക്ഷ മറോനി ക്രിസ്ത്യാനികളുടെ സഹായം ലഭിച്ചിട്ടും ഹിസ്ബുല്ല പോരാളികളുടെ ഒളിയുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ 'മഹാധീരന്‍മാരായ' യഹൂദ സൈനികര്‍ വാലും ചുരുട്ടി ദക്ഷിണ ലബനാനില്‍ നിന്നും മുങ്ങുകയായിരുന്നു.

എന്നാല്‍ ഇസ്രായേല്‍ പാഠം പഠിച്ചില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ ദേശീയ നയമാക്കിയ രാജ്യത്ത് കൂടുതല്‍ ഭീകരരായ നേതാക്കള്‍ അധികാരത്തില്‍ വന്നു. സൈനികാക്രമണത്തിലൂടെ വംശശുദ്ധീകരണത്തിലൂടെ ഫലസ്തീന്‍ മുഴുവന്‍ വിഴുങ്ങാനുള്ള നീക്കങ്ങള്‍ തുടര്‍ന്നു. ബെഗിനെയും ഷാരോണെയും നതന്യാഹുവിനെയും സൂപ്പര്‍മാന്‍ കഥകളിലെ കഥാപാത്രങ്ങളാക്കി അമേരിക്കന്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചു. പക്ഷേ കഥകള്‍ക്ക് പരിഹാസ്യമായ സമാപ്തി രചിച്ചത് ഹമാസാണ്. ഈയിടെ നടന്ന 11 ദിവസം നീണ്ട പുതിയ സംഘര്‍ഷത്തിലെ ചില മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

1. ഗസയിലെ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ബോംബിടുക എന്നത് മാത്രമായിരുന്നു നതന്യാഹുവിന്റെ യുദ്ധതന്ത്രം.

2. അത്തരം ആക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധരീതികളാണ് ഹമാസ് ആവിഷ്‌കരിച്ചത്. ഹമാസിന്റെ ടണലുകള്‍ തകര്‍ക്കുകയാണ് ബോംബാക്രമണത്തിന്റെ ലക്ഷ്യമെന്നു ഇസ്രായേലി സൈനികവക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് ആവര്‍ത്തിച്ചുവെങ്കിലും ആ ലക്ഷ്യത്തില്‍ അവര്‍ പരാജയപ്പെട്ടു. ഒരൊറ്റ ദിവസം 160 വിമാനങ്ങള്‍ അമ്പതിടങ്ങളിലാണ് ബോംബ് വര്‍ഷിച്ചത്.

3. തലസ്ഥാനമായ തെല്‍അവീവിലും ലിദ്ദയിലും യാഫയിലും ഇസ്രായേലികള്‍ റോക്കറ്റാക്രമണം ഭയന്നു തുരങ്കങ്ങളിലായിരുന്നു ഉറങ്ങിയിരുന്നത്.

4. വലിയ സാങ്കേതികശേഷിയൊന്നുമില്ലാത്ത ഹമാസ് സ്വന്തമായി നിര്‍മിച്ചെടുത്ത റോക്കറ്റുകള്‍ ഇസ്രായേലി നഗരങ്ങളില്‍ ഭയം പടര്‍ത്തി.

5. പതിവില്‍ നിന്നു വ്യത്യസ്തമായി ഇസ്രായേലി പൗരന്‍മാരായ അറബികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മിക്ക ഇസ്രായേലി നഗരങ്ങളിലും നഥന്‍യാഹുവിനു സംഘര്‍ഷമവസാനിപ്പിക്കാന്‍ മിലിറ്ററി പോലീസിനെ വിന്യസിക്കുകയായിരുന്നു. രണ്ടു മുന്നണികളോടാണ് ഇസ്രായേല്‍ പോരാടുന്നതെന്നു നഥന്‍യാഹുവിന് പരിഭവം പറയേണ്ടിവന്നു.

6. കടുത്ത ഇസ്രായേല്‍ പക്ഷപാതിയായ യുഎസ് പ്രസിഡന്റ് ബൈഡന്‍ തുടക്കത്തില്‍ യഹൂദരാഷ്ട്രത്തിന്റെ കൂടെ നിന്നുവെങ്കിലും സ്വന്തം പാര്‍ട്ടിയിലെ പുതിയ തലമുറ പൂര്‍ണ്ണമായി സയണിസ്റ്റുകളെ അനുകൂലിക്കുന്ന പരമ്പരാഗത നയത്തെ വിമര്‍ശിച്ചുകൊണ്ടു രംഗത്തുവന്നു. കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഖമറും അലക്‌സാണ്ട്‌റ ഒക്കേസിയ കേള്‍ട്ടേസും ഇസ്രായേല്‍ ഭീകരപ്രവര്‍ത്തനവും വംശശുദ്ധീകരണവും നടത്തുകയാണെന്ന് ആരോപിച്ചു. ഒരു ഡെമോക്രാറ്റും മുമ്പ് ഉപയോഗിക്കാത്ത പദങ്ങളായിരുന്നു അവ. എന്തുകൊണ്ടാണ് അമേരിക്ക വര്‍ഷംപ്രതി നാലു ബില്യണ്‍ ഡോളര്‍ ഇസ്രായേലിനു സഹായമായി നല്‍കുന്നതെന്ന ചോദ്യമുയര്‍ത്തിയത്, യുഎസ് പ്രതിനിധിസഭയില്‍ ആ സഹായം നിയന്ത്രിക്കമെന്ന് നിര്‍ദ്ദേശിക്കുന്ന പ്രമേയം അവതരിപ്പിച്ച മിനിസോട്ടയില്‍ നിന്നുള്ള ബെറ്റി മകോല്ലമാണ്.

7. ഗസ അതിര്‍ത്തിയില്‍ കവചിതവാഹനങ്ങളും ടാങ്കുകളുമൊക്കെ അണിനിരത്തിയെങ്കിലും സൈന്യം കരയുദ്ധത്തിനു തയ്യാറായില്ല. കാരണം 2014ലെ അധിനിവേശത്തില്‍ നേരിട്ട ആള്‍നാശവും തിരിച്ചടിയും തന്നെ. യുദ്ധനിയമങ്ങള്‍ ആകെ അട്ടിമറിച്ചതോടെയാണ് ഹമാസ് പുതിയ ദാവീദും ഇസ്രായേല്‍ പുതിയ ഗോലിയാത്തുമായത്.

Tags:    

Similar News