വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ഇസ്രായേല്‍: ഹമാസ്

അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ യോഗത്തില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കണം.

Update: 2024-11-11 02:18 GMT

കെയ്‌റോ: ഫലസ്തീന്‍ ജനത ഇസ്രായേലി ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണെന്ന് ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം ഉസാമ ഹംദാന്‍. ഇസ്രായേലിന്റെ നിലപാടുകളാണ് വെടിനിര്‍ത്തല്‍ കരാറുകള്‍ രൂപീകരിക്കാന്‍ തടസമെന്നും ഉസാമ ഹംദാന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഎസിന്റെയും ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. വടക്കന്‍ ഗസയില്‍ അതിക്രൂരമായ ജനറല്‍സ് പ്ലാന്‍ ഇസ്രായേല്‍ നടപ്പാക്കുകയാണ്. ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുന്നത് ജനറല്‍സ് പ്ലാനിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

നാസി സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. ഗസയിലെ വംശഹത്യക്കെതിരെ ലോകം നടപടി സ്വീകരിച്ചില്ലെങ്കില്‍ ആംസ്റ്റര്‍ഡാമില്‍ ഉണ്ടായതു പോലുള്ള അക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ഹംദാന്‍ മുന്നറിയിപ്പ് നല്‍കി. അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ യോഗത്തില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കണം. അല്‍ ഖുദ്‌സ് തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ അവര്‍ പിന്തുണ നല്‍കണമെന്നും ഉസാമ ഹംദാന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് മുതല്‍ സൗദി അറേബ്യയിലാണ് അറബ്-ഇസ് ലാമിക രാജ്യങ്ങളുടെ ഉച്ചകോടി നടക്കുക.

Tags:    

Similar News