തുഷാര മരിക്കുമ്പോള്‍ ഭാരം 20 കിലോ; മന്ത്രവാദത്തിന്റെ ഭാഗമായി പട്ടിണിക്കിട്ട് കൊന്നു?
അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിയിരുന്നത്.
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനത്തിന് പുറമേ മന്ത്രവാദവുമെന്ന് സൂചന. യുവതിയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിയിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്.
കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ യുവതിയുടെ ഭര്‍ത്താവിന് നേരെയാണ് അന്വേഷണം നീളുന്നത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ അയല്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്ന് ഒറ്റപ്പെട്ടായിരുന്നു.
ബന്ധുക്കളെ കാണാന്‍ അനുവദിക്കില്ല
വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സന്തം വീട്ടില്‍ എത്തിയത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലിസില്‍ പരാതിപ്പെട്ടിരുന്നു. പൊലിസ് ഇടപെടലില്‍ പിന്നീട് കുട്ടിയെ ബന്ധുക്കള്‍ക്ക് കാണിച്ചു. ഇനി ആരും തന്നെ കാണാന്‍ വരണ്ടെന്നും തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും യുവതി വീട്ടുകാരെ അറിയിച്ചിരുന്നു.
സ്ത്രീധനത്തിന്റെ ബാക്കി തു നല്‍കാത്തതിന്റെ പേരില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ അമ്മ ഗീതാലാലും പലപ്പോഴും മര്‍ദ്ദിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. വീട്ടില്‍ ആഭിചാരക്രിയകള്‍ നടക്കാറുണ്ടെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി.
കൊല്ലല്ലേ എന്ന് അലറി വിളിക്കും
'കണ്ടുനില്‍ക്കാന്‍ കഴിയില്ല സാറേ. അങ്ങനെയാണ് ആ കൊച്ചിനെ അതിലിട്ട് ഇടിച്ചിരുന്നത്. ചിലപ്പോഴൊക്കെ അവള്‍ എന്നെ കൊല്ലല്ലേ എന്ന് അലറി വിളിക്കും. പിന്നെ കരച്ചില്‍ കേള്‍ക്കില്ല. അതിന്റെ വായില്‍ എന്തോ തിരുകി വയ്ക്കുന്നതാണ്. പലതവണ ഞങ്ങള്‍ നാട്ടുകാരും അയല്‍ക്കാരും ഇടപെട്ടിട്ടുണ്ട്. എന്നാല്‍, അവര്‍ ആഭിചാരം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.
ഒരു ദിവസം അടികൊണ്ട് ആകെ തളര്‍ന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ ആ ദുഷ്ടന്‍ അതിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു'- തുഷാരയുടെ അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഏറെ ദുരൂഹതകള്‍ നിറഞ്ഞ സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. പുരയിടം മുഴുവന്‍ വലിയ തകര ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കുമായി ധാരാളം പേര്‍ ഇവിടെയെത്തിയിരുന്നു. എന്നാല്‍, അയല്‍വാസികളെയോ ബന്ധുക്കളെയോ വീടിനകത്ത് പ്രവേശിപ്പിക്കാറില്ല.
അറസ്റ്റിലായ ഇരുവരേയും ഇന്നലെ റിമാന്റ് ചെയ്തു. കൊട്ടാരക്കര സബ്ജയിലിലാണ് പ്രതികള്‍ ഇപ്പോഴുള്ളത്. സ്ത്രീധനത്തെച്ചൊല്ലി അതിക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തതിനെ തുടര്‍ന്ന്് മാര്‍ച്ച് 27നാണ് തുഷാര(27) മരിച്ചത്.