അതിഥി തൊഴിലാളികൾ സംതൃപ്തർ; സ്മൃതി ഇറാനിയെ തിരുത്തി മുഖ്യമന്ത്രി
സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍മൂലം അമേഠിയില്‍നിന്നുള്ള പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി എന്ന പ്രചാരണം ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് കണ്ടു.
തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തിൽപ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ട ഒരു വാര്‍ത്ത വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു എന്നതാണ്. അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ആരുടെയും ശ്രദ്ധയിലില്ല. വയനാട് മണ്ഡലത്തില്‍പ്പെട്ട മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍നിന്നാണ് അങ്ങനെ ഒരു വാര്‍ത്ത ചില പത്രങ്ങളില്‍ വന്നത് എന്ന് മനസ്സിലായി. അവിടെ അന്വേഷണം നടത്തി. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്ങര അഫ്സല്‍ എന്ന ആളിന്‍റെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കുവേണ്ട ഭക്ഷ്യവസ്തുക്കളും സൗകര്യങ്ങളും ക്വാര്‍ട്ടേഴ്സ് ഉടമയും ഏജന്‍റും എത്തിച്ചുകൊടുത്തിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഈ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം 25 കിറ്റുകളും നല്‍കി. കമ്യൂണിറ്റി കിച്ചനില്‍നിന്ന് ഭക്ഷണം എത്തിക്കാമെന്നു പറഞ്ഞപ്പോള്‍ സ്വയം പാചകം ചെയ്ത് കഴിച്ചുകൊള്ളാം എന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്.
അവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പരാതി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. ഇന്നലെത്തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും വ്യാജ പ്രചാരണം എന്ന നിലയില്‍ അവഗണിക്കുകയാണുണ്ടായത്. എന്നാല്‍, ഇന്ന് 'വയനാട്ടില്‍ സഹായമെത്തിച്ച് സ്മൃതി', 'അമേഠിയില്‍ സഹായവുമായി രാഹുലും' എന്ന ഒരു വാര്‍ത്ത ഡെല്‍ഹിയില്‍നിന്ന് വന്നതു കണ്ടു. സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍മൂലം അമേഠിയില്‍നിന്നുള്ള പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി എന്ന പ്രചാരണം ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് കണ്ടു.
ഇവിടെ ഒറ്റ കാര്യമേ പറയുന്നുള്ളു. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസപ്പെടുന്ന മറ്റെല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെ ചെയ്യുന്നുണ്ട്. അതിനു ഭംഗം വരുന്ന രീതിയിലോ അതിനെ ഇകഴ്ത്തിക്കെട്ടുന്ന രീതിയിലോ ഉള്ള മത്സരവും തെറ്റായ പ്രചാരണവും ഉണ്ടാകരുത്. അതില്‍നിന്ന് എല്ലാവരും മാറിനില്‍ക്കണം.
അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നും മറ്റും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ചില വക്രബുദ്ധികളുടെയും അപൂര്‍വമായുള്ള കുരുട്ട് രാഷ്ട്രീയക്കാരുടെയും ഉല്‍പന്നമാണ്. നാട്ടുകാര്‍ക്ക് വലിയ പരാതി പൊതുവെയില്ല. ഇപ്പോള്‍ അവരാകെ കഷ്ടത അനുഭവിക്കുകയാണ്. കൈത്താങ്ങ് നല്‍കേണ്ടത് നമ്മുടെ സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. അതിഥി ദേവോ ഭവ എന്നതാണ് നാം എല്ലാ കാലത്തും സ്വീകരിച്ച നിലപാട്. മാന്യമായ താമസസ്ഥലവും മെച്ചപ്പെട്ട ഭക്ഷണവും ആവശ്യമായ വൈദ്യസഹായവും അവര്‍ക്ക് നല്‍കണമെന്നു തന്നെയാണ് നാം സ്വീകരിക്കുന്ന നില. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ അതത് സ്ഥലങ്ങളില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും അതിഥി തൊഴിലാളികള്‍ തൃപ്തരല്ല എന്നു നാം കാണണം.
അതിഥി തൊഴിലാളികള്‍ക്ക് ഇത്തരമൊരു ഘട്ടത്തില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയാണ് ആവശ്യം. നാം വിചാരിച്ചാല്‍ മാത്രം നടപ്പാക്കാവുന്ന കാര്യമല്ല അത്. നാം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ഇവര്‍ക്ക് തിരിച്ചുപോകാനുള്ള പ്രത്യേക ട്രെയിന്‍ ലോക്ഡൗണ്‍ തീരുന്നമുറയ്ക്ക് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആ അഭ്യര്‍ത്ഥന ഒന്നുകൂടി മുന്നോട്ടുവെക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടു ചെയ്യുന്നണമെന്ന കാര്യം പ്രധാനമന്ത്രിയോടു തന്നെ ഒന്നു കൂടി ആവശ്യപ്പെടും.