അഭിമാന നേട്ടത്തിനരികെ ഡോ. അദീല അബ്ദുല്ല; പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍, രാജ്യത്തെ നാലു കലക്ടര്‍മാരില്‍ ഒരാള്‍

ഈമാസം 11നു നടന്ന രണ്ടാംഘട്ട മൂല്യനിര്‍ണയത്തിലാണ് വയനാട് കലക്ടര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് . പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തിയിരുന്നു.

Update: 2020-09-29 05:32 GMT

പി സി അബ്ദുല്ല

കല്‍പറ്റ: പ്രവര്‍ത്തന മികവിനുള്ള പ്രധാന മന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ രാജ്യത്തെ നാലു കലക്ടര്‍മാരില്‍ ഒരാളായി വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ല. വിവിധ സംസ്ഥാനങ്ങളിലെ 718 ജില്ലാ കലക്ടര്‍മാരില്‍ 12 കലക്ടര്‍മാര്‍ ഇടം നേടിയ പ്രഥമ പുരസ്‌കാര പട്ടിയില്‍ അദീല അബ്ദുല്ല നേരത്തെ ഇടംപിടിച്ചിരുന്നു. അവസാന റൗണ്ടില്‍ എട്ടു കലക്ടര്‍മാര്‍ പുറന്തള്ളപ്പെട്ട ചുരുക്ക പട്ടികയിലെ നാലു പേരില്‍ ഒരാളാണ് വയനാട് കലക്ടര്‍.

ഈമാസം 11നു നടന്ന രണ്ടാംഘട്ട മൂല്യനിര്‍ണയത്തിലാണ് വയനാട് കലക്ടര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് . പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തിയിരുന്നു.

കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തില്‍ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോ. അദീല നേതൃത്വം നല്‍കിയത്. ഡോ. അദീല ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കലക്ടര്‍മാരാണ് ആദ്യ പട്ടികയിലുണ്ടായിരുന്നത്. മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്.

36കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റിയാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കലക്ടറായി ചുമതലയേറ്റത്. മലബാറില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസായ ആദ്യ മുസ്‌ലിം വനിത എന്ന ചരിത്ര ബഹുമതിക്ക് ഉടമയാണ് ഡോ. അദീല അബ്ദുല്ല.

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് കഴിഞ്ഞ് അഗളിയിലെ ഹെല്‍ത്ത് സെന്ററില്‍ താല്ക്കാലിക സേവനത്തിനിടിയിലാണ് സിവില്‍ സര്‍വീസ് മോഹമുദിച്ചത്. ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു സിവില്‍ സര്‍വീസ് പരിശീലനം. കണ്ണൂര്‍ ജില്ലയില്‍ സബ് കളക്ടര്‍ പരിശീലന നിയമനം. മലപ്പുറം തിരൂര്‍ സബ് സബ് കളക്ടര്‍ ആയിട്ടായിരുന്നു ആദ്യ നിയമനം.

ഖത്തര്‍പെട്രോ ഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനായിരുന്നകുറ്റിയാടിവടയം സ്വദേശി നെല്ലിക്കണ്ടി അബ്ദുല്ലയുടെയുംനാദാപുരം ടിഐഎം ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ബിയ്യാത്തുവിന്റെയും മകളാണ്. കുറ്റിയാടി ഗുഡ് ഫെയ്ത് സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസ്സായി. പിന്നീട് ചാത്തമംഗലം എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് തുടര്‍ വിദ്യാഭ്യാസത്തിനു ശേഷംപെരിന്തല്‍മണ്ണഎംഇഎസ് മെഡിക്കല്‍ കോളജില്‍ നിന്ന്എംബിബിഎസ് നേടി. പെരിന്തല്‍മണ്ണഏലംകുളംകുന്നക്കാവ് സ്വദേശിയായ ഡോ. റബീഹ് ആണ് ഭര്‍ത്താവ്.

Tags:    

Similar News