മസ്തിഷ്‌കജ്വരം: സൗജന്യ സേവനവുമായി ഡോ. കഫീല്‍ഖാന്‍ മുസഫര്‍പൂരിലെത്തി
രോഗം പടര്‍ന്നുപിടിക്കുന്ന മുസഫര്‍പൂരിലെ മെഡിക്കല്‍ ക്യാംപില്‍ 300 കുരുന്നുകളെ പരിശോധിച്ചതായി കഫീല്‍ ഖാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ദരിദ്ര വിഭാഗത്തില്‍പ്പെട്ട കുരുന്നുകള്‍ക്ക് ചികില്‍സവും മരുന്നും സൗജന്യമായിരിക്കുമെന്നും കഫീല്‍ ഖാന്‍ അറിയിച്ചു.
പാട്‌ന: ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറുകണക്കിന് കുരുന്നുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ സൗജന്യ സേവനവുമായി ഡോ. കഫീല്‍ ഖാനും സംഘവും മുസഫര്‍പൂരിലെത്തി.
രോഗം പടര്‍ന്നുപിടിക്കുന്ന മുസഫര്‍പൂരിലെ മെഡിക്കല്‍ ക്യാംപില്‍ 300 കുരുന്നുകളെ പരിശോധിച്ചതായി കഫീല്‍ ഖാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ക്യാംപില്‍ കുരുന്നുകളെ പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദരിദ്ര വിഭാഗത്തില്‍പ്പെട്ട കുരുന്നുകള്‍ക്ക് ചികില്‍സവും മരുന്നും സൗജന്യമായിരിക്കുമെന്നും കഫീല്‍ ഖാന്‍ അറിയിച്ചു.
മസ്തിഷ്‌കജ്വരം ബാധിച്ച് 17 ദിവസത്തിനിടെ 128 കുട്ടികളാണ് ബീഹാറില്‍ മരിച്ചത്. ഇന്ന് മാത്രം 19 കുട്ടികള്‍ മരിച്ചു. നൂറുകണക്കിന് കുരുന്നുകള്‍ മരിച്ചിട്ടും സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം, രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യഹര്‍ജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. നാനൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്.