'വ്യാളിയുടെ പ്രിയപ്പെട്ട ഖാന്‍'; ആമിര്‍ ഖാനെതിരേ ആര്‍എസ്എസ് മുഖപത്രം
'വ്യാളികളുടെ പ്രിയപ്പെട്ട ഖാന്‍' എന്ന തലക്കെട്ടില്‍ സംഘടനയുടെ മുഖപത്രമായ പാഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ആര്‍എസ്എസ് ആമിര്‍ ഖാനെ കടന്നാക്രമിക്കുന്നത്.
ന്യൂഡല്‍ഹി: തുര്‍ക്കി പ്രഥമ വനിതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരേ പടയൊരുക്കവുമായി ആര്‍എസ്എസ്. 'വ്യാളികളുടെ പ്രിയപ്പെട്ട ഖാന്‍' എന്ന തലക്കെട്ടില്‍ സംഘടനയുടെ മുഖപത്രമായ പാഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ആര്‍എസ്എസ് ആമിര്‍ ഖാനെ കടന്നാക്രമിക്കുന്നത്.
തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഭാര്യ ആമിന ഉര്‍ദുഗാനുമായി ആമിര്‍ഖാന്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയതിനും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതിനെയും വിമര്‍ശിച്ചുള്ളതാണ് ലേഖനം. ആമിറിന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദ തുര്‍ക്കിയില്‍ ചിത്രീകരിക്കാനുള്ള തീരുമാനത്തിനെതിരേയും കടുത്ത അസഹിഷ്ണുതയാണ് ലേഖനം ഉയര്‍ത്തുന്നത്. ഉര്‍ദുഗാന്റെ ഭാര്യയുമൊത്ത് ഫോട്ടോയെടുക്കുന്നത് ബ്രാന്‍ഡ് അംബാസഡറാകാന്‍ വേണ്ടിയാണെന്നാണ് ലേഖനത്തിലെ ആരോപണം.
മതേതരവാദിയാണെങ്കില്‍ എന്തിനാണ് തുര്‍ക്കിയില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ എന്റെ ഭാര്യ ഭയപ്പെടുന്നുവെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ജനം മറന്നിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് തുര്‍ക്കിയെപ്പോലെ മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതും സോഷ്യല്‍മീഡിയയെ നിരീക്ഷിക്കുന്നതുമായ രാജ്യത്തിന് വിധേയപ്പെട്ട് നില്‍ക്കുന്നു. ആമിറിന്റെ സിനിമകള്‍ മാത്രമാണ് ചൈനയില്‍ വിജയിക്കുന്നത്. ദംഗല്‍ ചൈനയില്‍ വിജയമായപ്പോള്‍ സല്‍മാന്‍ ഖാന്റെ സുല്‍ത്താന് പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ ചൈനയില്‍ വിജയിക്കുന്നത്. സുരക്ഷാ ചട്ടങ്ങളുടെ നോട്ടപ്പിശകാണിത്. അതിര്‍ത്തി തര്‍ക്കവും ചൈനയിലെ ആമിര്‍ ഖാന്റെ ജനപ്രീതിയും തമ്മില്‍ ബന്ധമുണ്ടെന്നും ആര്‍എസ്എസ് ആരോപിച്ചു.
ചില നടന്മാര്‍ സ്വന്തം രാജ്യത്തേക്കാള്‍ ചൈന, തുര്‍ക്കി പോലുള്ള നമ്മുടെ ശത്രുരാജ്യങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്നും ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ആമിര്‍ ഖാനുമൊത്തുള്ള ചിത്രം ആമിന ഉര്‍ദുഗാന്‍ ട്വീറ്റ് ചെയ്തത്.
ലോക പ്രശസ്ത ഇന്ത്യന്‍ താരവും ചലച്ചിത്രകാരനും സംവിധായകനുമായ ആമിര്‍ ഖാനുമായി ഇസ്താംബൂളില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിങ് ചദ്ദയുടെ ഷൂട്ടിങ് തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ ആമിര്‍ തീരുമാനിച്ചതായി അറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും താന്‍ അതിനായി കാത്തിരിക്കുന്നുവെന്നുമായിരുന്നു ആമിന ഉര്‍ദുഗാന്റെ ട്വീറ്റ്.