ലഹരിക്കടത്ത്: മുഖ്യപ്രതി ബ്രാഞ്ച് അംഗം ഇജാസിനെ പുറത്താക്കി സിപിഎം; കൗണ്‍സിലര്‍ ഷാനവാസിന് സസ്‌പെന്‍ഷന്‍
ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നപടിയെടുത്ത് സിപിഎം. കേസിലെ മുഖ്യപ്രതി ഇജാസ് അഹമ്മദിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ഇജാസ്. ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗവും ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഷാനവാസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
ഷാനവാസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഷാനവാസിനെ യോഗം നടക്കുന്ന ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. ഉടനടി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ജി ഹരിശങ്കര്‍, ജി വേണുഗോപാല്‍, കെ എച്ച് ബാബുജാന്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. ഷാനവാസിന്റെ ലോറിയിലാണ് ഇവര്‍ ലഹരി കടന്നത്. എന്നാല്‍, ലോറി താന്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.
എന്നാല്‍, ഷാനവാസ് ലോറി വാങ്ങിയപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നില്ലെന്നും വാടകയ്ക്ക് നല്‍കിയപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. അന്വേഷണ റിപോര്‍ട്ട് ലഭിച്ചതിനുശേഷം ഷാനവാസിനെതിരേ കൂടുതല്‍ നടപടി ആലോചിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം ഗൗരവമായി ചര്‍ച്ചചെയ്‌തെന്നും ഇത്തരം വിഷയങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ഷാനവാസും പ്രതികരിച്ചു. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പിടിയിലായത് സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികളെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യപ്രതി ഇജാസും വെള്ളക്കിണര്‍ സ്വദേശി സജാദും സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികളാണ്. എന്നാല്‍, സജാദിനെതിരേ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. സജാദ് ഡിവൈഎഫ്‌ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയാണ്.
ഷാനവാസും പ്രതി ഇജാസും തമ്മിലുളള ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇജാസ് പിടിയിലാവുന്നതിന് നാലുദിവസം മുമ്പ് നടന്ന ജന്‍മദിനാഘോഷത്തിലേതാണ് ദൃശ്യങ്ങളും ചിത്രവും. ഇജാസ് ലഹരി കടത്തിയതിന് നാല് മാസം മുമ്പും അറസ്റ്റിലായിരുന്നു. അന്നും ഇജാസിനായി ഇടപെട്ടത് ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലറും സിപിഎം നേതാവുമായ ഷാനവാസായിരുന്നു.