കരുനാഗപ്പള്ളി ലഹരിക്കടത്ത്: പ്രതികള്‍ സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികള്‍; നടപടിയെടുക്കാതെ പാര്‍ട്ടി നേതൃത്വം
കൊല്ലം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പിടിയിലായത് സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികളെന്ന വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യപ്രതി ഇജാസും വെള്ളക്കിണര്‍ സ്വദേശി സജാദും സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹിളാണ്. ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഇയാള്‍ ഡിവൈഎഫ്‌ഐ തുമ്പോളി മേഖലാ ഭാരവാഹിയായിരുന്നു. സജാദ് ഡിവൈഎഫ്‌ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയാണ്.
ഏരിയാ കമ്മിറ്റിയംഗം ഷാനവാസിന്റെ ലോറിയിലാണ് ഇവര്‍ ലഹരി കടത്തിയത്. ഇതിനിടെ ഷാനവാസും പ്രതി ഇജാസും തമ്മിലുളള ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇജാസ് പിടിയിലാവുന്നതിന് നാലുദിവസം മുമ്പ് നടന്ന ജന്‍മദിനാഘോഷത്തിലേതാണ് ദൃശ്യങ്ങളും ചിത്രവും. ഇജാസ് ലഹരി കടത്തിയതിന് നാല് മാസം മുമ്പും അറസ്റ്റിലായിരുന്നു. അന്നും ഇജാസിനായി ഇടപെട്ടത് ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലറും സിപിഎം നേതാവുമായ ഷാനവാസായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് ലഹരിക്കടത്തില്‍ പങ്കുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു. പരാതി പാര്‍ട്ടി പരിശോധിക്കുകയാണ്.
കമ്മ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇത്. നീചമായ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല. പ്രശ്‌നം ചര്‍ച്ച ചെയ്യാന് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാനും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് സിപിഎം കൗണ്‍സിലര്‍ ഷാനവാസിന്റെ വാഹനത്തില്‍ കടത്തിയ ഒന്നരക്കോടി രൂപയുടെ ലഹരി കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടിയത്.