സിപിഐ നേതാവിൻറെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി
നിസാമിൻറെ വീട്ടില്‍ നിന്നുമാണ് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും പോലിസ് പിടിച്ചെടുത്തത്. സിപിഐ തഴവ ലോക്കല്‍ കമ്മിറ്റി അംഗമാണ് നിസാം. ഒളിവില്‍ പോയ നിസാമിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം: സിപിഐ നേതാവിൻറെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തഴവയില്‍ നിസാമിൻറെ വീട്ടില്‍ നിന്നുമാണ് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും പോലിസ് പിടിച്ചെടുത്തത്. സിപിഐ തഴവ ലോക്കല്‍ കമ്മിറ്റി അംഗമാണ് നിസാം. ഒളിവില്‍ പോയ നിസാമിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രിയാണ് കരുനാഗപ്പളി പോലിസ് നിസാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനായി വന്‍തോതില്‍ റേഷന്‍ സാധനങ്ങള്‍ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍നായിരുന്നു പരിശോധന. വീട്ടിലും വീട്ടുമുറ്റത്തെ കാറിലുമായാണ് അരിയും ഗോതമ്പും സൂക്ഷിച്ചിരുന്നത്.
താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റേഷനരി കടത്ത് വര്‍ധിക്കുന്നതിനാല്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധന കര്‍ശനമാക്കും. പൊലീസ് പരിശോധന മുന്‍കൂട്ടിയറിഞ്ഞ നിസാം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു.