വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം, അശ്ലീല പെരുമാറ്റം; ആന്ധ്രയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

അധ്യാപകന്‍ സ്‌കൂളിലെത്തി മദ്യപിക്കുന്നതും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതും സംബന്ധിച്ച് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാള്‍ സ്‌കൂളിലെത്തി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു.

Update: 2021-03-27 13:27 GMT

ഹൈദരാബാദ്: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെ സസ്‌പെന്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല്‍ പരിഷത്ത് സ്‌കൂളിലെ അധ്യാപകന്‍ കെ കോടേശ്വര റാവുവിനെയാണ് സസ്‌പെന്റ് ചെയ്തത്. അധ്യാപകന്‍ സ്റ്റാഫ് റൂമിലിരുന്ന് മദ്യപിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

അധ്യാപകന്‍ സ്‌കൂളിലെത്തി മദ്യപിക്കുന്നതും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതും സംബന്ധിച്ച് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാള്‍ സ്‌കൂളിലെത്തി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. ഈ സമയം സ്റ്റാഫ് റൂമിലിരുന്ന് കോടേശ്വരറാവു ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യപിക്കുകയും ചെയ്തിരുന്നു. സ്‌കൂളിലെത്തി കാര്യമന്വേഷിച്ച രക്ഷിതാവായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും അശ്ലീല രീതിയില്‍ സംസാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മെസേജിങ് ആപ്ലിക്കേഷനുകളിലും വൈറലായി.

വീഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് യുവതിയുടെ ആവശ്യപ്രകാരം വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കോടേശ്വരറാവു ക്ലാസ്മുറിയിലെ ശിക്ഷയുടെ ഭാഗമായി വസ്ത്രം അഴിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഇതും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നു. പതിവായി മദ്യപിച്ചാണ് കോടേശ്വര റാവു ക്ലാസില്‍ വരാറുള്ളതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സ്‌കൂളിലെ ശൗചാലയത്തിലും സ്റ്റാഫ് റൂമിലെ അലമാരയിലുമാണ് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അശ്ലീലച്ചുവയില്‍ പെരുമാറുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അധ്യാപകരുടെ പെരുമാറ്റത്തില്‍ തങ്ങള്‍ കുറച്ചുകാലമായി അസ്വസ്ഥരാണെന്ന് സ്‌കൂളിലെ നിരവധി മാതാപിതാക്കള്‍ പറഞ്ഞു. ഞങ്ങള്‍ വീഡിയോ അടക്കം തെളിവുകള്‍ ശേഖരിക്കുകയും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. കാരണം ഇത് കുട്ടികളെ മോശം രീതിയില്‍ സ്വാധീനിക്കുന്നു- രേണുക എന്ന രക്ഷകര്‍ത്താവ് പ്രതികരിച്ചു. സംഭവത്തില്‍ കോടേശ്വര റാവുവിന് വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നല്‍കിയതായി റവന്യൂ ഓഫിസര്‍ അറിയിച്ചു.

Tags:    

Similar News