കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വീണ്ടും ഇഡി റെയ്ഡ്

Update: 2022-08-25 12:27 GMT

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ബാങ്കിന്റെ ഹെഡ് ഓഫിസിലെത്തിയാണ് റെയ്ഡ് നടത്തിയത്. രണ്ടാഴ്ച മുമ്പ് ആഗസ്ത് 10ന് നടത്തിയ റെയ്ഡില്‍ ബാങ്കിലെ സെക്രട്ടറിയുടെ ഓഫിസ് ഇഡി ഉദ്യോഗഗസ്ഥര്‍ സീല്‍ ചെയ്തിരുന്നു. ഇന്ന് ഓഫിസിലെ അലമാരകള്‍ തുറന്ന് രേഖകള്‍ പരിശോധിച്ചു. രാവിലെ അപ്രതീക്ഷിതമായെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങുകയായിരുന്നു. സിആര്‍പിഎഫ് സുരക്ഷയില്ലാതെയായിരുന്നു ഇത്തവണത്തെ റെയ്ഡ്.

സെക്രട്ടറിയുടെ ഓഫിസിന് പുറമെ സീല്‍ ചെയ്ത മറ്റു ഓഫിസ് മുറികളിലും ഇഡി പരിശോധന നടത്തി. 10 പേരടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് പരിശോധന. കഴിഞ്ഞ തവണ ബാങ്കിലും കേസിലെ പ്രതികളുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. നിരവധി ഡിജിറ്റല്‍ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തതായും വിവരമുണ്ട്. മെയിന്‍ ബ്രാഞ്ചില്‍ അന്ന് നടത്തിയ പരിശോധന പിറ്റേദിവസം പുലര്‍ച്ചെ വരെ നീണ്ടിരുന്നു.

പരിശോധനയ്ക്കുശേഷമാണ് സെക്രട്ടറിയുടെ മുറി സീല്‍ ചെയ്ത് ഇഡി സംഘം അന്ന് ബാങ്കില്‍ നിന്നും മടങ്ങിയത്. ഇതോടെ ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടു. തുടര്‍ന്ന് റൂം തുറക്കാനുള്ള അനുമതിക്കായി ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി സംഘം ഇന്ന് വീണ്ടുമെത്തി ബാങ്കില്‍ പരിശോധന നടത്തിയത്. കരുവന്നൂര്‍ ബാങ്കില്‍ നടന്നത് 104.37 കോടിയുടെ ക്രമക്കേടാണെന്നാണ് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചത്. തട്ടിപ്പില്‍ പങ്കുള്ള ഏഴ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്നുപേരും സിപിഎം അംഗങ്ങളാണെന്നും ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണെന്നുമുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനേജര്‍ ബിജു കരിം, സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി കെ ജില്‍സ് എന്നീ പ്രതികള്‍ പാര്‍ട്ടി അംഗങ്ങളാണെന്നാണ് വിവരം. ബിജു കരിം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. ടി ആര്‍ സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.

വായ്പ നല്‍കിയ വസ്തുക്കളില്‍തന്നെ വീണ്ടും വായ്പ നല്‍കിയും ക്രമം തെറ്റിച്ച് പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയുമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമായിരുന്നു. 2019 2019ല്‍ ബാങ്കിനെതിരേ തട്ടിപ്പ് ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്.

Tags:    

Similar News