ബിജെപിക്കു വേണ്ടി നിര്‍മിച്ച കോടികളുടെ ഇലക്ട്രോണിക് കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു

മുംബൈയിലെ ഖാറിലുള്ള കെട്ടിടത്തില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രത്തോട് കൂടിയ കാര്‍ഡുകള്‍ പിടികൂടിയത്. സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതാണ് കാര്‍ഡ്. കാര്‍ഡ് തുറന്നാല്‍ മോദിയുടെ ശബ്ദ സന്ദേശം കേള്‍ക്കുന്ന രൂപത്തിലാണ് തയ്യാര്‍ ചെയ്തിട്ടുള്ളത്.

Update: 2019-04-10 14:48 GMT

മുംബൈ: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി നിര്‍മിച്ചുകൊണ്ടിരുന്ന കോടികളുടെ ഇലക്ട്രോണിക് കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു. മുംബൈയിലെ ഖാറിലുള്ള കെട്ടിടത്തില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രത്തോട് കൂടിയ കാര്‍ഡുകള്‍ പിടികൂടിയത്. സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതാണ് കാര്‍ഡ്. കാര്‍ഡ് തുറന്നാല്‍ മോദിയുടെ ശബ്ദ സന്ദേശം കേള്‍ക്കുന്ന രൂപത്തിലാണ് തയ്യാര്‍ ചെയ്തിട്ടുള്ളത്.

ഇങ്ങിനെയൊരു കാര്‍ഡ് നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്തിന്റെ പരാതി പ്രകാരമാണ് റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡിനൊപ്പം സച്ചിന്‍ സാവന്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും റെയ്ഡിനെത്തിയിരുന്നു



ഒരു കാര്‍ഡിന് 300 രൂപയോളം വിലവരും. ഇത്തരത്തില്‍ ആറ് കോടിയോളം രൂപ വില വരുന്ന കാര്‍ഡുകളാണ് പിടികൂടിയതെന്ന് സച്ചിന്‍ സാവന്ത് പറഞ്ഞു. യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡിന്റെ(യുപിഎല്‍) ഉടമസ്ഥതയിലുള്ളതാണ് കാര്‍ഡുകള്‍ പിടിച്ചെടുത്ത കെട്ടിടം. തങ്ങളെ ദിവസക്കൂലിക്ക് കരാര്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് കാര്‍ഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ പറഞ്ഞു. ബാബു എന്നയാളാണ് കരാര്‍ ഏല്‍പ്പിച്ചതെന്നും മറ്റു കാര്യങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നും തൊഴിലാളികള്‍ എബിപി ന്യൂസിനോട് പറഞ്ഞു.

വ്യോമസേനാ വിമാനം, ഉപകരണങ്ങള്‍, സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയവയുടെ ചിത്രങ്ങളും മോദിയുടെ റെക്കോഡ് ചെയ്ത ശബ്ദ സന്ദേശവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, ബിജെപി അവ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് കാര്‍ഡുകള്‍ നിര്‍മിക്കുകയായിരുന്നുവെന്നും അനധികൃത നിര്‍മാണം ആയതിനാല്‍ ഇത് തിരഞ്ഞെടുപ്പ് കണക്കുകളില്‍ വരില്ലെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. പ്രത്യേക ചിപ്പിലാണ് മോദിയുടെ സന്ദേശം റെക്കോഡ് ചെയ്തിരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഈ ചിപ്പുകള്‍ കാര്‍ഡില്‍ ഒട്ടിച്ചുകൊണ്ടിരിക്കവേയാണ് റെയ്ഡ് നടന്നത്.



തങ്ങളുടെ കെട്ടിടം ഇത്തരം അനധികൃത നിര്‍മാണത്തിന് അനുവദിച്ചുകൊടുത്ത യുപിഎല്ലിനെതിരേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഖാര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡിന്റെ ഖാറിലെ ഓഫിസ് കെട്ടിടം ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.

എപ്പോഴാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും ഇതിനകം എത്ര കാര്‍ഡുകള്‍ നിര്‍മിച്ചു വിതരണം ചെയ്തുവെന്നും വ്യക്തമല്ലെന്ന് സാവന്ത് പറഞ്ഞു.

ഡിയോനാര്‍ മാലിന്യ നിക്ഷേപ കേന്ദ്രവുമായി ബന്ധപ്പെട്ട് ശിവസേനാ സര്‍ക്കാര്‍ 4500 കോടിയുടെ കരാര്‍ നല്‍കിയിരുന്ന കമ്പനിയാണ് യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ്. വലിയ വിവാദത്തിനിടയാക്കിയ ഈ കരാര്‍ ബിജെപി ആദ്യം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.  

Tags:    

Similar News