27 വര്‍ഷം മുമ്പുള്ള കേസില്‍ ആഫാഖ് ദിനപത്രത്തിന്റെ പത്രാധിപര്‍ അറസ്റ്റില്‍

ദിവസവും ഓഫിസില്‍ പോവുകയും വീട്ടില്‍ താമസിക്കുകയും ചെയ്യുന്നയാളാണ് ഖാദിരിയെന്നും അര്‍ധരാത്രി വീട്ടിലതിക്രമിച്ചു കയറി നടത്തിയ അറസ്റ്റ് മറ്റു ഉദ്ദേശങ്ങളോടെയാണെന്നും ഖാദിരിയുടെ ബന്ധുക്കള്‍ പറഞ്ഞു

Update: 2019-06-25 13:11 GMT

ശ്രീനഗര്‍: 27 വര്‍ഷം മുമ്പു രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉര്‍ദു ദിനപത്രമായ ആഫാഖ് ദിനപത്രത്തിന്റെ പത്രാധിപര്‍ ഗുലാം ജീലാനി ഖാദിരി(62) അറസ്റ്റില്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ഖാദിരിയെ ജമ്മുകശ്മീരിലെ ശ്രീനഗറിലെ സ്വവസതിയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തത്.

1992ല്‍ പത്രങ്ങള്‍ നിരോധിച്ച സമയത്ത് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്ന കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ടാഡ കോടതി വാറന്റ് പുറപ്പെടുവിച്ച പ്രതിയാണ് ഖാദിരിയെന്നും ഇതുവരെ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്നും പോലിസ് പറഞ്ഞു.

എന്നാല്‍ ദിവസവും ഓഫിസില്‍ പോവുകയും വീട്ടില്‍ താമസിക്കുകയും ചെയ്യുന്നയാളാണ് ഖാദിരിയെന്നും അര്‍ധരാത്രി വീട്ടിലതിക്രമിച്ചു കയറി നടത്തിയ അറസ്റ്റ് മറ്റു ഉദ്ദേശങ്ങളോടെയാണെന്നും ഖാദിരിയുടെ ബന്ധുക്കള്‍ പറഞ്ഞു.

ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഖാദിരിയെ വസ്ത്രം മാറാന്‍ പോലും സമ്മതിക്കാതെയാണ് പോലിസ് അറസ്റ്റ് ചെയ്തതെന്നു സഹോദരന്‍ മോറിഫാത് ഖാദിരി ഹിന്ദു പത്രത്തോട് പറഞ്ഞു. കേസില്‍ ഹാജരാവാനാവശ്യപ്പെട്ടു സമന്‍സയച്ചിരുന്നെങ്കില്‍ ഖാദിരി സ്വന്തം തന്നെ പോലിസിനു മുന്നില്‍ ഹാജരാവുമായിരുന്നു. രാത്രി വീട്ടിലെത്തി ഭീതി പരത്തി അറസ്റ്റ് ചെയ്തതു മറ്റു ഉദ്ദേശങ്ങള്‍ വച്ചാണ്. ദിനേന പത്രമോഫിസില്‍ ജോലിക്കു പോവുകയും വീട്ടില്‍ വരികയും ചെയ്യുന്നയാള്‍ ഒളിവിലായിരുന്നെന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നും മോറിഫാത് ചോദിച്ചു.

അതേസമയം ഇതേ കേസില്‍ ഇതേ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ രണ്ടു പത്രപ്രവര്‍ത്തകര്‍ക്കു പിന്നീട് സംസ്ഥാന അവര്‍ഡുകള്‍ ലഭിക്കുകയും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 

Tags:    

Similar News