തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബംഗാളില്‍ സംഘര്‍ഷം;അണികള്‍ വീടുകള്‍ തീയിട്ടു,എട്ടുപേര്‍ വെന്തുമരിച്ചു
സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ വ്യക്തമാക്കി
കൊല്‍ക്കത്ത:തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബംഗാളിലെ ഭിര്‍ഭും ജില്ലയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ എട്ട്‌പേര്‍ കൊല്ലപ്പെട്ടു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് അണികള്‍ വീടുകള്‍ക്ക് തീയിടുകയായിരുന്നു.എട്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ഒരു കൂടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരില്‍ പെടും.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണല്‍ പോലിസ് ഓഫിസറെയും രാംപൂര്‍ഘട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി.സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് കാരണമായത്. തിങ്കളാഴ്ചയാണ് തൃണമൂല്‍ പ്രാദേശിക നേതാവായ ബാദു പ്രദാന്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്. അതിന് പിന്നാലെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്.തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ബാദു പ്രദാനെ അക്രമിസംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികള്‍ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകള്‍ക്ക് തീവെക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
എന്നാല്‍ സംഭവം രാഷ്ട്രീയ സംഘര്‍ഷമല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം.ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ടെലിവിഷന്‍ സെറ്റ് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചതെന്ന് തൃണമൂല്‍ ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡല്‍ പറഞ്ഞു.