യുപിയിലെ കാണ്‍പൂരില്‍ റെയ്ഡിനിടെ വെടിവയ്പ്; എട്ട് പോലിസുകാര്‍ കൊല്ലപ്പെട്ടു

2001ല്‍ കാണ്‍പൂരില്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷീറ്റര്‍ വികാസ് ദുബെ.

Update: 2020-07-03 02:05 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയ്ഡിനിടെ അക്രമികളുടെ വെടിയേറ്റ് എട്ട് പോലിസുകാര്‍ കൊല്ലപ്പെട്ടു. ബില്‍ഹോര്‍ ഡിവൈഎസ് പി ദേവേന്ദ്ര മിശ്ര, ശിവരാജ്പൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ മഹേഷ് യാദവ്, ഒരു സബ് ഇന്‍സ്‌പെക്ടര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു ഡസനിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. രാജ്‌നാഥ് സിങ് സര്‍ക്കാരിലെ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബെയെ തേടി പോലിസ് സംഘം ഒരു പ്രദേശത്ത് റെയ്ഡ് നടത്താന്‍ പോയിരുന്നത്. കാണ്‍പൂര്‍ ദേഹാറ്റിന്റെ ശിവ്‌ലി പോലിസ് സ്‌റ്റേഷന്‍ പ്രദേശത്തെ ബിക്രു ഗ്രാമത്തിലായിരുന്നു റെയ്ഡ്.

    2001ല്‍ കാണ്‍പൂരില്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷീറ്റര്‍ വികാസ് ദുബെ. വിവരമറിഞ്ഞ് ഫോറന്‍സിക് സംഘവും സീനിയര്‍ പോലിസ് സൂപ്രണ്ടും (എസ്എസ്പി) ഐജിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഷീറ്റര്‍ വികാസ് ദുബെയുടെ വീട് റെയ്ഡ് ചെയ്യാനെത്തിയ പോലിസ് സംഘത്തിനു നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ചൗയ ബേപൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബിക്രു ഗ്രാമത്തിലാണ് സംഭവം. സംഭവത്തിനു ശേഷം അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

    മുന്‍ ഗ്രാമത്തലവനും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന വികാസിനെതിരേ കൊലപാതകം ഉള്‍പ്പെടെ 53 കേസുകളുണ്ടെന്നാണു റിപോര്‍ട്ട്. ഇദ്ദേഹത്തെ കണ്ടെത്തുന്നവര്‍ക്ക് യുപി പോലിസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കി. സംഭവത്തിന്റെ വിശദമായ റിപോര്‍ട്ട് മുഖ്യമന്ത്രി തേടിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി, ഹോം, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് എന്നിവരുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ടു. പരിക്കേറ്റ പോലിസുകാരെ റീജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eight Uttar Pradesh policemen shot dead by criminals in Kanpur




Tags:    

Similar News