മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി ഏക്‌നാഥ് ഷിന്‍ഡെ
ഗുവാഹത്തി: മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം ലക്ഷ്യമിട്ട് വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ വഡോദരയിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഭരണ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള വഴികളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചര്‍ച്ച നടന്ന ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും വഡോദരയിലുണ്ടായിരുന്നതായി വാര്‍ത്തയുണ്ട്.
അസമിലെ ഗുവാഹത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഷിന്‍ഡെ വഡോദരയിലെത്തിയത്. 2019ല്‍ ഉദ്ധവ് താക്കറെ സ്ഥാനമേറ്റെടുക്കും വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്ന ഫഡ്‌നാവിസുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഷിന്‍ഡെ അസമിലേക്ക് മടങ്ങി. 40 വിമത എംഎല്‍എമാര്‍ക്കൊപ്പം ഷിന്‍ഡെ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. ഇവരില്‍ ഷിന്‍ഡെ ഉള്‍പ്പെടെ 16 എംഎല്‍എമാര്‍ മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യത നോട്ടീസ് അഭിമുഖീകരിക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരത്തിനകം മറുപടി നല്‍കാനും മുംബൈയില്‍ ഹാജരാവാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിന്‍ഡെയും വിമതരും തങ്ങളുടെ മുന്‍ പങ്കാളിയായ ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനുമുള്ള സംഖ്യ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നു. അതേസമയം, ഷിന്‍ഡെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചെന്ന് വിമത എംഎല്‍എ ദീപക് കേസര്‍കര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാല്‍ താക്കറെ വിഭാവനം ചെയ്ത അനുയോജ്യമായ ശിവസേനയെ അര്‍ഥമാക്കുന്നതിന് 'ശിവസേന ബാലാസാഹേബ്' എന്ന പാര്‍ട്ടി രൂപീകരിച്ചതായാണ് ദീപക് കേസര്‍കര്‍ വ്യക്തമാക്കിയത്. മഹാവികാസ് അഘാഡി സഖ്യം വിമതരോട് വിശ്വാസ വോട്ടിന് തയ്യാറാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 16 വിമതരെ അയോഗ്യരാക്കാനും ബാക്കിയുള്ളവരെ തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ നിന്ന് തടയാനുമാണ് ശിവസേനയുടെ നീക്കം.