പാണക്കാട്: മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ്സിനെതിരേ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് പിന്നിലായെന്നും പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ വടകരയിലും കോഴിക്കോടുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്‌ലിംലീഗിന് സ്വന്തം നിലയില്‍ പ്രചാരണം നടത്തേണ്ടി വന്നെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നു. എന്നാല്‍ ഇത് മുതലാക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കോണ്‍ഗ്രസ് തുടക്കത്തില്‍ പരാജയപ്പെട്ടുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് തുടങ്ങിയ നേതാക്കളോട് ലീഗിലെ യുവ നേതൃത്വമാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്.