ഭീമാ കൊറേഗാവ് കേസ്: രണ്ട് നാടകപ്രവര്‍ത്തകരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

''ഞങ്ങള്‍ (വിനായക് ദാമോദര്‍) സവര്‍ക്കറുടെ സന്തതികളല്ല, മറിച്ച് ഡോ. അംബേദ്കറുടെ മക്കളാണ്. ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എല്ലായ്‌പ്പോഴും ഭരണഘടനയാണ് പിന്തുടരുന്നതെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

Update: 2020-09-07 18:57 GMT
ഭീമാ കൊറേഗാവ് കേസ്: രണ്ട് നാടകപ്രവര്‍ത്തകരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

മുംബൈ: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി രണ്ടു നാടകപ്രവര്‍ത്തകരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീര്‍ കലാ മഞ്ച് അംഗങ്ങളും അറിയപ്പെടുന്ന ഗായകരും ജാതി വിരുദ്ധ പ്രവര്‍ത്തകരുമായ സാഗര്‍ ഗോര്‍ഖെ(32), രമേശ് ഗെയ്ചര്‍(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ 2018 ലെ ഭീമാ കൊറേഗാവ് കേസില്‍ അക്കാദമിക് വിദഗ്ധരും അഭിഭാഷകരും ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 14 ആയി. കബീര്‍ കലാ മഞ്ചിന്റെ ബാനറിലാണ് 2018 ഡിസംബര്‍ 31 ന് 'ഭീമാ കൊറേഗാവ് ശൗര്യ ദിന്‍ പ്രേരണാ അഭിയാന്‍' എന്ന പരിപാടി സംഘടിപ്പിച്ചത്. ബ്രാഹ്‌മണ കേന്ദ്രമായി അറിയപ്പെടുന്ന പൂനെയിലെ ശനിവര്‍വാഡ പ്രദേശത്താണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പുനെയിലെ മറാത്തികള്‍ക്കും ദലിതര്‍ക്കും ഇടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് വലതുപക്ഷ വാദിയായ തുഷാര്‍ ദാംഗുഡെയുടെ പരാതിയില്‍ ആദ്യം ആറ് പേര്‍ക്കെതിരേയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

    അതേസമയം, കേസില്‍ നേരത്തേ അറസ്റ്റിലായവര്‍ക്കെതിരേ പ്രസ്താവന നല്‍കാന്‍ എന്‍ഐഎ നിര്‍ബന്ധിക്കുന്നതായും നിരോധിത(സിപിഐ)-മാവോയിസ്റ്റ് സംഘടനയുമായി ബന്ധപ്പെടുത്തി തെറ്റായ പ്രസ്താവനകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായും ഇരുവരും സപ്തംബര്‍ 5ന് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ സാഗര്‍ ഗോര്‍ഖെയും രമേശ് ഗെയ്ചറും വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്. ക്ഷമാപണം നടത്തി കുറ്റസമ്മത പ്രസ്താവന എഴുതാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും ഇക്കാര്യങ്ങളെല്ലാം വിസമ്മതിച്ചതിനാല്‍ എന്‍ഐഎ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.    


എന്നാല്‍ ''ഞങ്ങള്‍ (വിനായക് ദാമോദര്‍) സവര്‍ക്കറുടെ സന്തതികളല്ല, മറിച്ച് ഡോ. അംബേദ്കറുടെ മക്കളാണ്. ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എല്ലായ്‌പ്പോഴും ഭരണഘടനയാണ് പിന്തുടരുന്നതെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. എല്‍ഗാര്‍ പരിഷത്ത് പരിപാടി മാവോവാദികള്‍ സംഘടിപ്പിച്ചതാണെന്ന് സ്ഥാപിക്കാനുള്ള മനപൂര്‍വമായ തന്ത്രമാണിത്. ഞങ്ങള്‍ ഒരിക്കലും ഉള്‍പ്പെട്ടിട്ടില്ലാത്ത കാര്യങ്ങള്‍ ഏറ്റുപറയാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നു. കേസില്‍ അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ ഇത് ഉപയോഗിക്കുകയും എല്‍ഗാര്‍ പരിഷത്ത് പരിപാടി മാവോവാദികള്‍ സംഘടിപ്പിച്ചതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യും. അത് ഞങ്ങള്‍ അനുവദിക്കില്ലെന്നും വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെടുത്തി ജൂലൈ 28 ന് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാദം അസോഷ്യേറ്റ് പ്രഫസര്‍ എം ടി ഹാനി ബാബുവും സമാനരീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഗോര്‍ഖെയുടെയുംം ഗെയ്ചറിന്റെയും പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജൂലൈയില്‍ നിരവധി തവണ ചോദ്യം ചെയ്ത് ഇവരെ വിട്ടയക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍, സപ്തംബര്‍ 4 ന് ഇരുവരെയും വീണ്ടും വിളിപ്പിച്ചു.

    കബീര്‍ കലാ മഞ്ചിലെ പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. സംസ്ഥാനത്ത് കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഗോര്‍ഖെയും ഗെയ്ാറും മഹാരാഷ്ട്രയിലെ ഏതാനും ദലിത് ബഹുജന്‍ യുവാക്കളും 2013ല്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരേ യുഎപിഎ പ്രകാരമാണ് കേസെടുത്തിരുന്നത്. 2017ല്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും കേസ് ഇപ്പോഴും മുംബൈയിലെ സെഷന്‍ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.

Elgar Parishad Case: NIA Arrests Two Kabir Kala Manch Activists




Tags:    

Similar News