ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുന്നത് അത്യന്തം അപകടകരമാണ്.

Update: 2022-04-04 09:18 GMT

തിരുവനന്തപുരം: ദുരന്തമേഖലയില്‍ സേവനം നല്‍കുന്ന പോപുലര്‍ ഫ്രണ്ട് റസ്‌ക്യു ആന്റ് റിലീഫ് ടീമിന് പരിശീലനം നല്‍കിയ ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥര്‍ക്കും അവരെ ചുമതലപ്പെടുത്തിയ മേലുദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് മനുഷ്യത്വരഹിതവും നീതികേടുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുന്നത് അത്യന്തം അപകടകരമാണ്. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ പോലും വര്‍ഗീയത കുത്തിനിറച്ച് മുതലെടുപ്പ് നടത്തുന്ന ആര്‍എസ്എസ്, ബിജെപി ഹിന്ദുത്വ വര്‍ഗീയതയെ താലോലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

ദുരന്തമേഖലയില്‍ അടിയന്തരമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ പകര്‍ന്നുനല്‍കുകയെന്ന ഉത്തരവാദിത്വമാണ് ഉദ്യോഗസ്ഥര്‍ നിറവേറ്റിയത്. അതിനെ മഹാ അപരാധമായി ചിത്രീകരിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ വര്‍ഗീയവാദികള്‍ക്ക് ദാസ്യപ്പണി ചെയ്യുകയാണ്. കഴിഞ്ഞകാലങ്ങളില്‍ ദുരന്തമേഖലകളില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയിട്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഏറെ അഭിനന്ദിച്ചിട്ടുള്ളതാണ്.

കഴിഞ്ഞ പ്രളയസമയങ്ങളിലും ഉരുള്‍പൊട്ടല്‍ മേഖലകളിലും പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടില്‍ പൊതുസമൂഹം വീക്ഷിച്ചതുമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസിന്റെ പരിശീലനം തേടാന്‍ തീരുമാനിച്ചത്.

എന്നാല്‍, രാഷ്ട്രീയലക്ഷ്യവും വര്‍ഗീയതയും മുന്‍നിര്‍ത്തി ബിജെപിയും ആര്‍എസ്എസും ഇതിനെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ മാധ്യമങ്ങളും സര്‍ക്കാരും ഇത് ഏറ്റുപിടിച്ച് നിരപരാധികളായ ഉദ്യോഗസ്ഥരെ വേട്ടയാടുകയാണ്. താല്‍ക്കാലിക ലാഭത്തിനായി ഹിന്ദുത്വപ്രീണനം നടത്തുന്ന ഭരണകൂടം ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് വിലയിടുന്നത്.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ യാതൊരു വസ്തുതയുടെയും പിന്‍ബലമില്ലാതെ തീവ്രസംഘടനായി ചിത്രീകരിക്കുന്നതും സേനയിലെ സംഘപരിവാര സാന്നിധ്യത്തിന്റെ തെളിവാണ്. വസ്തുതകള്‍ മനസ്സിലാക്കി നിരപരാധികളായ ഉദ്യോഗസ്ഥരെ വേട്ടയാടുന്ന സമീപനം ഭരണകൂടം അവസാനിപ്പിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയാണ്. ഈ ആവശ്യമുന്നയിച്ച് നാളെ (ഏപ്രില്‍ 5, ചൊവ്വ) സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

Similar News