വിദ്വേഷത്തിന്റെ രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണം: പിഡിപി

Update: 2020-05-04 15:12 GMT

കൊട്ടാരക്കര: കൊവിഡ് 19ന്റെ ഭീതിതമായ സാഹചര്യത്തിലും ഡല്‍ഹിയിലും യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി നേതാക്കളെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് കള്ളക്കേസുകള്‍ ചുമത്തി തടവറയിലടക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ആവശ്യപ്പെട്ടു. കൊവിഡ് 19 ലോക്ക്ഡൗണ്‍ മറവില്‍ പൗരത്വ സമരത്തിലെ മുസ് ലിം വേട്ടയ്‌ക്കെതിരേ പിഡിപി കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ് ലാം ഖാന്‍, ഗോരഖ്പൂരിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ഖാന്‍, യുപി അഅ്‌സംഗഡിലെ പ്രമുഖ പണ്ഡിതന്‍ മൗലാനാ ത്വാഹിര്‍ മദനി, വിദ്യാര്‍ഥി നേതാക്കളായ സഫൂറ സര്‍ഗാര്‍, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഖാലിദ് സെയ്ഫി, ഉമര്‍ ഖാലിദ് തുടങ്ങി നിരവധി പേരാണ് യുഎപിഎ ഉള്‍പ്പെടെ ചുമത്തപ്പെട്ട് ജയിലകളിലടക്കപ്പെട്ടിട്ടുള്ളത്.

    ഡല്‍ഹിയില്‍ വംശീയ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും കലാപത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയോ കലാപകാരികള്‍ക്കെതിരെയോ യാതൊരു നടപടിയും സ്വീകരിക്കാത്ത ഭരണകൂടവും പോലിസും ജനാധിപത്യ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മുസ് ലിം വിദ്യാര്‍ഥി നേതാക്കളെ ഉള്‍പ്പെടെ തിരഞ്ഞുപിടിച്ച് കരിനിയമങ്ങള്‍ ചുമത്തുകയാണ്. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ നിന്ന് തടവുകാരെ പുറത്തുവിടണമെന്ന സുപ്രിംകോടതി നിര്‍ദേശം നിലനില്‍ക്കെ പൗരത്വ സമരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് തുടരുകയാണ്. അലിഗഡിലും ജാമിഅയിലും ഉള്‍പ്പെടെ പൗരത്വ നിഷേധത്തിനെതിരേ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥി നേതാക്കളെയും വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ജില്ലാ ജോയിന്റ് സെക്രട്ടറി സുധീര്‍ കുന്നുമ്പുറം, മണ്ഡലം പ്രസിഡന്റ് സുധീര്‍ വല്ലം, സെക്രട്ടറി നവാസ് പള്ളിക്കല്‍, ഷിജു, ഷാനി നേതൃത്വം നല്‍കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു പ്രതിഷേധം..


Tags:    

Similar News