പരിസ്ഥിതി ലോല മേഖല:സുപ്രിംകോടതി ഉത്തരവിനെതിരേ കേന്ദ്രത്തെ സമീപിക്കും;നിയമ പോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി

വിഷയത്തില്‍ നിയമപരമായി ഇടപെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു

Update: 2022-06-05 06:31 GMT

തിരുവനന്തപുരം:സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രിംകോടതി ഉത്തരവില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനാതിര്‍ത്തിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാടെന്നും,ഇതിനായി സുപ്രിംകോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സുപ്രിംകോടതി ഉത്തരവില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഷയത്തില്‍ നിയമപരമായി ഇടപെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സുപ്രിംകോടതിയിലെ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായും എജിയുമായും ചര്‍ച്ച നടത്തും. ജനവാസമേഖലകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.വനംവകുപ്പിനെ സംബന്ധിച്ച് വനവും വന്യജീവികളെയും സംരക്ഷിക്കുകയാണ് മുഖ്യം. ഇതോടൊപ്പം ജനവാസമേഖലയില്‍ താമസിക്കുന്നവരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Tags:    

Similar News