ഏറ്റുമാനൂര്‍- ചിങ്ങവനം ഇരട്ട പാതയിലൂടെ ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി: ആദ്യം കടന്നുപോയത് പാലരുവി എക്‌സ്പ്രസ്

Update: 2022-05-29 18:42 GMT

കോട്ടയം: ഇരട്ടപ്പാതയായി വികസിപ്പിച്ച ഏറ്റുമാനൂര്‍- ചിങ്ങവനം റെയില്‍പാതയിലൂടെ ട്രെയിന്‍ സര്‍വീസ് തുടങ്ങി. പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികള്‍ അവസാനം പൂര്‍ത്തിയാക്കിയ ശേഷമാണ് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ ചരിത്രം രചിച്ച് പാലരുവി എക്‌സ്പ്രസ് പുതിയ പാതയിലൂടെ കടന്നുപോയത്. നേരത്തെ സുരക്ഷാ കമ്മീഷണറുടെ ട്രോളി പരിശോധനയും, എന്‍ജിന്‍ പരിശോധനയും പൂര്‍ത്തിയാതോടെയാണ് കോട്ടയം വഴിയുള്ള ഇരട്ടപ്പാതയിലൂടെ ഗതാഗതം തുടങ്ങാന്‍ അനുമതി ലഭിച്ചത്.

ഇരട്ടപാതയില്‍ സര്‍വീസ് തുടങ്ങിയെങ്കിലും കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെ നവീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കിയതിന് ശേഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേയ്ക്ക് 21 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഈ ട്രെയിനുകളെല്ലാം അര്‍ധരാത്രി മുതല്‍ സര്‍വീസ് പുനരാരംഭിക്കും. പരശുറാം എക്‌സ്പ്രസ്, ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയില്‍ പ്രധാനം. മംഗളൂരു- നാഗര്‍കോവില്‍ പരശുറാം, നാഗര്‍കോവില്‍- മംഗളൂരു പരശുറാം എന്നിവ റദ്ദാക്കിയിരുന്നു. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് നേരത്തേ പൂര്‍ണമായും റദ്ദാക്കിയിരുന്നെങ്കിലും ഷൊര്‍ണൂര്‍ വരെ ഓടുന്ന വിധത്തില്‍ ക്രമീകരിച്ചു.

ഇരട്ടപാത വരുന്നതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം കൂടുതല്‍ സുഗമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനുകള്‍ പിടിച്ചിടുന്ന അവസ്ഥ മാറുന്നത് കൂടാതെ പല ട്രെയിനുകളുടേയും യാത്രസമയം കുറയ്ക്കുകയും പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയും കൂടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പത്തു മണിക്കൂറോളം നീളുന്ന ഏറ്റവും സങ്കീര്‍ണമായ ജോലിയാണ് പാത ഇരട്ടിപ്പിക്കലിന്റെ അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 7.45ന് ആരംഭിച്ചത്ം. മുന്നൂറോളം തൊഴിലാളികളാണ് ഈ ജോലിയുടെ ഭാഗമായത്. കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള രണ്ടുമുതല്‍ ആറുവരെയുള്ള ലൈനുകള്‍ മുട്ടമ്പലത്തുനിന്നുമെത്തുന്ന ലൈനുകളുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി. കണക്ഷന്‍ പൂര്‍ത്തിയാക്കിയ ലൈനുകളില്‍ പാക്കിംഗ് മെഷീന്‍ ഉപയോഗിച്ച് മെറ്റല്‍ നിറച്ചു. നാഗന്പടം ഭാഗത്തുനിന്നും കോട്ടയം യാഡിലേക്കുള്ള ലൈന്‍ കണക്ഷനും രാത്രിയോടെ പൂര്‍ത്തിയായി. സിഗ്‌നലിങ്, ഇലക്ട്രിക് ജോലികളും സമാന്തരമായിട്ടാണ് നടന്നത്.

Tags:    

Similar News