അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം
കോട്ടയം: അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യനിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യജില്ലയായി കോട്ടയം. പദ്ധതി പൂര്‍ത്തീകരിച്ച ജില്ലയെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി ഏകദേശം 3 ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെയും ഫലമായാണ് കോട്ടയം ജില്ല ഈ നേട്ടം കൈവരിച്ചത്. ജില്ലയില്‍ ദുരന്തം ഗ്രസിച്ച കൂട്ടിയ്ക്കല്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സമയബന്ധിതമായും, കൃത്യമായും ഈ നിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിച്ച് അതിജീവന മാതൃക സൃഷ്ടിച്ചെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ നോഡല്‍ ഓഫിസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, തദ്ദേശസ്ഥാപന തലനോഡല്‍ ഓഫിസര്‍മാരായ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍മാരായ വില്ലേജ് എക്‌സ്‌റ്റെന്ഷന്‍ ഓഫിസമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, കിലയുടെ ജില്ലാ ഫെസിലിറ്റേറ്റര്‍ എന്നിവരുടെ മികവുറ്റ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
കിലയുടെ നേതൃത്വത്തില്‍ ആണ് അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയ്ക്ക് ആവശ്യമായ പരിശീലനം നല്‍കിയത്. ജില്ലയില്‍ ഏകദേശം അന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ കണ്ടെത്തിയ 1294 കുടുംബങ്ങളുടെ എന്യൂമറേഷന്‍ പ്രക്രിയയും, ഉപരിപരിശോധനയും പൂര്‍ ത്തിയാക്കി. എം ഐ എസില്‍ ലഭ്യമായ 1119 അതിദരിദ്ര കുടുംബങ്ങളുടെ, സമിതികളുടെ അംഗീകാരം നേടിയ മുന്‍ഗണനാ പട്ടിക 7 ദിവസം പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ജില്ലയില്‍ ഗ്രാമസഭയും വാര്‍ഡ് സഭയും നടത്തി, തദ്ദേശ സ്ഥാപന ഭരണ സമിതി അന്തിമപട്ടിക അംഗീകരിക്കുകയായിരുന്നു.
ലഭ്യമായ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങളുള്ളത് കോട്ടയം ജില്ലയിലാണ്. ജില്ലയില്‍ ഏറ്റവും മാതൃകാപരമായി അതിദരിദ്രരുടെ നിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
ആശ്രയ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ശബ്ദരഹിതരുമായ, മുഖ്യധാരയില്‍ ദൃശ്യമല്ലാത്ത, പൊതുസമൂഹത്തില്‍ സ്വാധീന ശക്തിയില്ലാത്ത അതിദരിദ്രരെ മാത്രമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്രകാരം കണ്ടെത്തുന്നവര്‍ക്ക് വേണ്ടി വരുമാനം ആര്‍ജിക്കാനുളള പദ്ധതികളും അത് സാധിക്കാത്തവര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതികളുമടക്കം സൂക്ഷ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനം.
അത് കൊണ്ട് തന്നെ അതിദരിദ്രരെ ദരിദ്രരില്‍നിന്നും വേര്‍തിരിച്ച് മനസ്സിലാക്കി അനര്‍ഹരല്ലാത്തവര്‍ ആരും പട്ടികയില്‍ ഇടം പിടിക്കാതെയും അര്‍ഹരായവരെയെല്ലാം ഉള്‍പ്പെടുത്തിയും അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര, അതിതീവ്ര ക്ലേശഘടകങ്ങള്‍ ബാധകമാവുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കപ്പെടുന്ന തരത്തിലാണ് സൂചകങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.
പതിനാലാം പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൈക്രോ പദ്ധതികള്‍ ആവിഷ്‌കരിച്ച് അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യും. ജനകീയാസൂത്രണത്തിന് ശേഷം ഏറ്റവുമധികം സാമൂഹിക പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.