തകര്‍ന്നടിഞ്ഞ് യൂറോപ്യന്‍ യുഎസ് വിപണികള്‍; താരിഫ് പുനഃപരിശോധിക്കണമെന്ന് മുറവിളി

Update: 2025-04-07 17:57 GMT

വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പിന്നാലെ ആഗോള ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഇന്ത്യന്‍ വിപണി ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികളില്‍ ഉണ്ടായ വന്‍ തിരിച്ചടിയ്ക്ക് പിന്നാലെ യൂറോപ്യന്‍, യുഎസ് വിപണികളും വന്‍ തകര്‍ച്ച നേരിട്ടു. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചിക ആറര ശതമാനമാണ് ഇടിഞ്ഞത്. ബ്രിട്ടീഷ് സൂചികകള്‍ ഒരു വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ ഇടിവിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കന്‍ വിപണികള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് കുപ്പുകുത്തുന്ന കാഴ്ച ഇന്നും തുടര്‍ന്നു. നാല് ശതമാനം ഇടിവിലാണ് യുഎസ് ഓഹരി സൂചികകള്‍ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്.

കോവിഡ് കാലത്ത് ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ ഇടിവ് നേരിട്ട 2020 മാര്‍ച്ചിന് ശേഷം യുഎസ് വിപണി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ട്രംപിന്റെ പകരച്ചുങ്ക നടപടിയ്ക്ക് പിന്നാലെ നേരിടുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 500 മുന്‍നിര കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന എസ് ആന്‍ഡ് പി 20 ശതമാനത്തില്‍ അധികമാണ് നഷ്ടം നേരിട്ടത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വലിയ മുന്നേറ്റം കാഴ്ച വച്ചിടത്ത് നിന്നാണ് തിരിച്ചടി.

വിപണിയിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലും നയം മാറ്റത്തിന് തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റിന്റെ നിലപാട് സാഹചര്യം ഗുരുതരമാക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയ്ക്ക് എതിരായ ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം ഇതുസംബന്ധിച്ച സൂചന ശക്തമാക്കുന്നതാണ്. ചൈന യുഎസിന് എതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ ഉടന്‍ പിന്‍വലിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൈന ഇതിന് തയ്യാറായില്ലെങ്കില്‍ നാളെ മുതല്‍ അധിക തീരുവ ചുമത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി.


Similar News