യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി സംഘം നാളെ കശ്മീരില്‍; പ്രധാനമന്ത്രിയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി,പ്രതിഷേധവുമായി പ്രതിപക്ഷം
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ജമ്മു കശ്മീരിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നിഷേധിക്കുകയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തെ കശ്മീരില്‍ സന്ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിനേയും ജനാധിപത്യത്തെയു അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂനിയന്റെ 28 അംഗ പ്രതിനിധി സംഘം ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന് മുന്നോടിയായി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. സംഘത്തിലെ മൂന്നു പേര്‍ മാത്രമാണ്
ഇടത്, ലിബറല്‍ പാര്‍ട്ടിയില്‍നിന്നുള്ളവര്‍. ബാക്കിയുള്ളവര്‍ യൂറോപിലെ വലതു പക്ഷ പാര്‍ട്ടികളില്‍നിന്നുള്ളവരാണ്. കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി സംഘം കശ്മീരിലെത്തുന്നത്. എന്നാല്‍, ഇത് അനൗദ്യോഗിക സന്ദര്‍ശനം മാത്രമാണ്.
ജമ്മു കശ്മീരില്‍ ഭീകരവാദത്തോട് സഹിഷ്ണുതയില്ലെന്ന് പ്രതിനിധി സംഘത്തോട് പ്രധാനമന്ത്രിവ്യക്തമാക്കി.ഭീകരവാദത്തെ പ്രോഹത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ യൂറോപ്യന്‍ യൂണിയന്‍ എംപിമാരോട് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ പൈതൃകവും സംസ്‌കാരവും മനസിലാക്കാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ റദ്ദാക്കിയ ജമ്മു കശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ജമ്മു കശ്മീരിലെ സാധാരണ ജനങ്ങളും, പൊതുപ്രവര്‍ത്തകരും, മാധ്യമങ്ങളും ഡോക്ടര്‍മാരുമായി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് സംവദിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കശ്മീരിനും ലോകത്തിനും ഇടയിലുള്ള ഇരുമ്പ് മറ നീക്കണമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂഹ മുഫ്തി ട്വീറ്റ് ചെയ്തു. മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ള കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ തുടരുകയാണ്.
അതേസമയം, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ജമ്മു കശ്മീരിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നിഷേധിക്കുകയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തെ കശ്മീരില്‍ സന്ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിനേയും ജനാധിപത്യത്തെയു അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം എന്തുകൊണ്ടാണ് ഇന്ത്യയിലെ എംപിമാരേയും ജനപ്രതിനിധികളേയും കശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. സുപ്രിം കോടതി അനുമതി നല്‍കിയതിന് ശേഷം മാത്രമാണ് തന്നെ ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ സമ്മതിച്ചത്. ഇന്നും ഇന്ത്യന്‍ എംപിമാര്‍ക്ക് അനുമതിയില്ല. അപ്പോഴാണ് മോദി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നത് എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.