ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന്‍ കൊവിഡ് ബാധിച്ച് മരിച്ചു
വൈറസ് ബാധയെതുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ചികില്‍സയ്ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ന്യൂഡല്‍ഹി: മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വൈറസ് ബാധയെതുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ചികില്‍സയ്ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയത്. മുഹമ്മദ് ഷഹാബുദ്ദീന്‍ മരണത്തിന് കീഴടങ്ങിയതായി ഡിഡിയു ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതായി തിഹാര്‍ ജയില്‍ ഡിജി സന്ദീപ് ഗോയല്‍ പറഞ്ഞു. ഈ മാസം 20നാണ് വൈറസ് ബാധിതനായ അദ്ദേഹത്തെ ഡിഡിയു ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ ആദ്യത്തില്‍ സഹ തടവുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടും ജയിലില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് ഷഹാബുദ്ധീന്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. രോഗം ബാധിച്ച മറ്റ് തടവുകാര്‍ക്കൊപ്പമാണ് അദ്ദേഹത്തേയും പാര്‍പ്പിച്ചത്. ഇദ്ദേഹത്തിന് ശരിയായ വൈദ്യസഹായം ലഭ്യമാക്കാനും കുടുംബാംഗങ്ങളോട് ദിവസത്തില്‍ രണ്ടുതവണ സംസാരിക്കാന്‍ അനുവദിക്കാനും ഡല്‍ഹി സര്‍ക്കാരിനും ജയില്‍ അധികൃതര്‍ക്കും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ഷഹാബുദ്ദീന്‍. മറ്റ് കുറ്റങ്ങളും അദ്ദേഹം നേരിടുന്നുണ്ട്. ബീഹാറിലെ സിവാന്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗമായിരുന്നു ഇദ്ദേഹം. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായി ആയിരുന്നു അദ്ദേഹം ജനതാദള്‍, രാഷ്ട്രീയ ജനതാദള്‍ എന്നിവയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുന്‍ അംഗമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍കിസ്റ്റ് ലെനിനിസ്റ്റ്) ലിബറേഷന്‍ പ്രവര്‍ത്തകനായ ചോട്ട് ലാല്‍ ഗുപ്തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഷഹാബുദ്ദീനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. മുന്‍ വിദ്യാര്‍ത്ഥി നേതാവ് ചന്ദ്രശേഖര്‍ പ്രസാദ് ഉള്‍പ്പെടെ 15 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസും ഇദ്ദേഹത്തിനെതിരേ നിലവിലുണ്ട്.
സിവാന്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാല് തവണ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മുഹമ്മദ് ഷഹാബുദ്ദീന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1990ലും 1995ലും സിറാഡെ നിയോജകമണ്ഡലത്തില്‍ നിന്ന് ബിഹാര്‍ നിയമസഭയിലേക്ക് തുടര്‍ച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു.