ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സംഘ പരിവാരം മനോരോഗിയെന്ന് മുദ്രകുത്തി തടവിലാക്കിയ പ്രവാസിയെ കോടതി മോചിപ്പിച്ചു; ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ കേസെടുക്കാനും ഉത്തരവ്

ആലുവ കുട്ടമശ്ശേരി സുശീലന്‍ എന്ന സുലൈമാന്‍ (48)നെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി മോചിപ്പിച്ചത്.

Update: 2020-05-20 19:03 GMT

ആലുവ: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സംഘ പരിവാരം തട്ടിക്കൊണ്ട് പോയി മനോരോഗിയെന്ന് വരുത്തി തടവിലാക്കിയ പ്രവാസിയെ കോടതി മോചിപ്പിച്ചു. തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനും കോടതി ഉത്തരവിട്ടു. ആലുവ കുട്ടമശ്ശേരി സുശീലന്‍ എന്ന സുലൈമാന്‍ (48)നെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇടപെട്ട് മോചിപ്പിച്ചത്.

സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന സുശീലന്‍ അഞ്ചുവര്‍ഷം മുമ്പാണ് ഇസ്‌ലാം മതം സ്വീകരിച്ച് സുലൈമാന്‍ എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിന് നാട്ടിലെത്തുകയും ഭാര്യയോടൊത്ത് കഴികയും ചാലക്കല്‍ മഹല്ലില്‍ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പീഡിപ്പിക്കുന്നു, മതം മാറ്റാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഇദ്ദേഹത്തിനെതിരേ ഭാര്യ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. മാര്‍ച്ച് 22ന് ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ സുലൈമാനെ മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജാമ്യത്തിലിറക്കിയത്.

വീട്ടില്‍ കയറരുത്, മൂന്നു ദിവസത്തിന് ശേഷം ജാമ്യം പുതുക്കണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശി സിയാദാണ് ഇദ്ദേഹത്തെ ജാമ്യത്തിലെടുത്തത്. തുടര്‍ന്ന് പ്രദേശത്തെ മജീദ് എന്നയാളുടെ സംരക്ഷണയില്‍ കഴിഞ്ഞുവരുന്നതിനിടെ മെയ് ഏഴിന് സംഘപരിവാരം ഭാര്യയെ കൊണ്ട് അനുനയത്തില്‍ ഫോണില്‍ വിളിപ്പിച്ചു വരുത്തുകയും തുടര്‍ന്ന് ബലമായി പഴംകുളം എസ്എച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

മഹല്ല് ഭാരവാഹികളുടെ സമ്മതത്തോടെ മെയ് ഏഴിന് വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ എട്ടാം തിയ്യതി രാവിലെ ബന്ധപ്പെട്ടപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അറിയിച്ചിരുന്നത്. വൈകീട്ട് ഒരു വീട്ടില്‍ നോമ്പ് തുറയ്ക്കാമെന്നേറ്റിരുന്ന സുലൈമാനെ കാണാതായതോടെ ഭാര്യയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വീണ്ടും ബന്ധപ്പെട്ടപ്പോള്‍ പറവൂരിലെ ബന്ധുവീട്ടില്‍ പോയതാണെന്ന് അറിയിച്ചു. പറവൂരിലെ വീട്ടില്‍നിന്ന് വൈകീട്ടോടെ തിരിച്ചുപോയെന്നാണ് ബന്ധു അറിയിച്ചത്.

തുടര്‍ന്ന് മെയ് ഒമ്പതിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ ജാമ്യക്കാരനായ സിയാദ് പരാതി നല്‍കി. എന്നാല്‍, പരാതിക്കാരെ പരിഹസിക്കും വിധമായിരുന്നു പോലിസുകാരുടെ പെരുമാറ്റം. മാത്രമല്ല പരാതി സ്വീകരിച്ചതിന്റെ റസീപ്റ്റ് നല്‍കാനും പോലിസ് ഓഫിസര്‍ തയ്യാറായില്ല.

ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് മെയ് 11നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായത്. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താന്‍ പോലിസ് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ല. അതിനിടെ, സുലൈമാന്‍ പഴംകുളം എസ്എച്ച് ആശുപത്രിയിലുണ്ടെന്ന വിവരംലഭിച്ചതോടെ സിയാദ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയെങ്കിലും ഇദ്ദേഹത്തെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. 

തുടര്‍ന്ന് നാട്ടുകാര്‍ സേവ് സുലൈമാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കൗണ്‍സില്‍ പോസ്റ്റര്‍ പ്രചാരണമുള്‍പ്പെടെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വന്നു.സര്‍വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ സുലൈമാനെ നേരില്‍ കാണാനും തീരുമാനിച്ചു.

എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റ് അവസാന നിമിഷം പിന്‍മാറിയതോടെ ഈ ഉദ്യമം പരാജയപ്പെട്ടു. തുടര്‍ന്ന് സമ്മര്‍ദ്ദം ശക്തമായതോടെ മെയ് 19ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ആശുപത്രിയിലെത്തി സുലൈമാനെ നേരില്‍ കണ്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും കുഴപ്പമില്ലെന്നും സുലൈമാന്‍ പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പും ഇവര്‍ പുറത്തുവിട്ടിരുന്നു.

ഇതിനിടെ, സുലൈമാനില്‍നിന്ന് പോലിസ് രേഖപ്പെടുത്തിയ മൊഴിയും സമാനമായിരുന്നു. സുലൈമാന് കൂടുതല്‍ ചികില്‍സ വേണമെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പോലിസ് ഹാജരാക്കിയിരുന്നു.

ഇതു പ്രകാരം മാന്‍ മിസ്സിങുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പരാതിക്കാരെ സമീപിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.

ഇതിനിടെ അഡ്വ. ഹാരിസ് ആലുവ മുഖാന്തിരം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സെര്‍ച്ച് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. ഇതുപ്രകാരം 21ന് സുലൈമാനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അതിനിടെ പോലിസ് ഇദ്ദേഹത്തെ ഇന്നു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ആശുപത്രിയില്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് സുലൈമാന്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് കോടതി സുലൈമാനെ നിരുപാധികം വിട്ടയക്കുകയും ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ കേസെടുക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കാന്‍ ഇനി സ്ഥലം ബാക്കിയില്ലെന്നായിരുന്നു സുലൈമാന്റെ മൊഴി. മര്‍ദ്ദനം ഭയന്നാണ് പോലിസിനോടും മറ്റുള്ളവരോടും തന്റെ ഇഷ്ടപ്രകാരമാണ് ഇവിടെ വന്നതെന്ന് മൊഴി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൗണ്‍സിലിങ്ങിനെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച സുലൈമാന്‍ ഇഞ്ചക്ഷനെ തുടര്‍ന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ സെല്ലില്‍ അടച്ച നിലയിലായിരുന്നു. തുടര്‍ന്ന് ബഹളംവച്ചതോടെ ആശുപത്രി ജീവനക്കാരായ ഒരു സംഘമെത്തി തന്റെ കയ്യിലും കാലിലും കഴുത്തിലും ചങ്ങലയിട്ട് ബന്ധിക്കുകയും ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തുവെന്ന് സുലൈമാന്‍ വെളിപ്പെടുത്തി.ആശുപത്രി അധികൃതരെ നേരത്തേതന്നെ കാര്യങ്ങള്‍ ധരിപ്പിച്ചായിരുന്നു ഭാര്യയുടെ കരുനീക്കം. തുടര്‍ ദിവസങ്ങളിലും ക്രൂരമര്‍ദ്ദനമായിരുന്നുവെന്ന് സുലൈമാന്‍ കോടതിയെ അറിയിച്ചു.    

Tags:    

Similar News