ഫോനി ദുരിതാശ്വാസം: മോദിയും മമതയും തമ്മില്‍ വാക് പോര്; വിളിച്ചിട്ട് എടുത്തിട്ടില്ലെന്ന് മോദി, കാലാവധി കഴിഞ്ഞ പിഎമ്മെന്ന് മമത

കാലാവധി കഴിഞ്ഞ പ്രധാനമന്ത്രി (എക്‌സ്പയറി പിഎം)യുമായി വേദി പങ്കിടാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു ബംഗാളില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ മമത തിരിച്ചടിച്ചത്.

Update: 2019-05-06 14:23 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഫോനി ചുഴലിക്കാറ്റിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ വാക്‌പോര്.

ഫോനി ചുഴലിക്കാറ്റിനു മുമ്പ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിളിച്ചെങ്കിലും അവര്‍ ഫോണെടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് റാലിയിക്കിടെ മോദി ആരോപണമുയര്‍ത്തിയിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞ പ്രധാനമന്ത്രി (എക്‌സ്പയറി പിഎം)യുമായി വേദി പങ്കിടാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു ബംഗാളില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ മമത തിരിച്ചടിച്ചത്.

നേരത്തേ ഫോനി ചുഴലിക്കാറ്റിന് മുമ്പേ മമതാ ബാനര്‍ജിയെ വിളിക്കാതെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെയാണ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിളിച്ചതെന്ന വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ഇരുവരും പുതിയ പോര്‍മുഖം തുറന്നത്.ബംഗാളിലെ തംലൂകില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് മമതാ ബാനര്‍ജിയെ ഫോനി ആഞ്ഞടിക്കുന്നതിന് മുമ്പ് താന്‍ വിളിച്ചെന്ന് മോദി പറഞ്ഞത്. ബംഗാളിലെ ജനങ്ങളെക്കുറിച്ച് ആശങ്ക തോന്നിയതിനാലാണ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ താന്‍ വിളിച്ചത്. എന്നാല്‍ ഫോണെടുക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, വിളിച്ച കോളുകള്‍ക്കൊന്നും മറുപടി നല്‍കാന്‍ പോലും മമതാ ബാനര്‍ജി തയ്യാറായില്ലെന്നായിരുന്നു മോദിയുടെ അവകാശവാദം.

എന്നാല്‍, മോദി വിളിച്ചപ്പോള്‍ ഫോനി ആഞ്ഞടിച്ച ഖരഗ് പൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നുവെന്നാണ് മമത പറഞ്ഞത്. ആ സമയത്ത് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റാലികള്‍ നടത്തി കറങ്ങി നടക്കുകയായിരുന്നു. മാത്രമല്ല, തനിക്ക് ഈ 'എക്‌സ്പയറി പിഎമ്മു'മായി സഹകരിക്കാനോ വേദി പങ്കിടാനോ സമയമോ താത്പര്യമോ ഉണ്ടായിരുന്നില്ലെന്നും മമത തുറന്നടിച്ചു.


Tags:    

Similar News