1500 കോടി ഡോളറിന്റെ കരാര്‍ 'കൈവിട്ട്' റിലയന്‍സും അരാംകോയും; കാരണമിതാണ്

റിലയന്‍സ് അവരുടെ ഊര്‍ജ്ജനയത്തില്‍ വരുത്തിയ അടിമുടി മാറ്റം വരുത്തിയതാണ് കരാറില്‍നിന്നു പിന്നാക്കം പോവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Update: 2021-11-20 18:04 GMT

ന്യുഡല്‍ഹി/റിയാദ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയും റിലയന്‍സ് ഓയില്‍ ടു കെമിക്കല്‍സ് (ഒ2സി) ബിസിനസിലെ 1500 കോടി ഡോളറിന്റെ നിര്‍ദിഷ്ട നിക്ഷേപം 'പുനപ്പരിശോധിക്കാന്‍' തീരുമാനിച്ചു. ലോകത്ത് ഏറ്റവുമധികം ലാഭംകൊയ്യുന്ന കമ്പനികളിലൊന്നാണ് സൗദിയുടെ അരാംകോ. എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം ലക്ഷ്യമിട്ട് നിരവധി വന്‍കിട കമ്പനികളുടെ ഓഹരികളാണ് അരാംകോ അടുത്തിടെ വാങ്ങിക്കൂട്ടിയത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി അരാംകോ കരാറിലെത്തിയത്.

നിര്‍ദിഷ്ട നിക്ഷേപം എന്തായിരുന്നു?

2019ല്‍ ആണ് 1500 കോടിയുടെ നിര്‍ദിഷ്ട നിക്ഷേപം സംബന്ധിച്ച് ഇരു കമ്പനികളും ധാരണയിലെത്തിയത്. കമ്പനിയുടെ ഓയില്‍ കെമിക്കല്‍ വ്യാപാരത്തിന്റെ 20 ശതമാനം സൗദിയുടെ അരാംകോയ്ക്ക് വില്‍ക്കുന്നതായിരുന്നു കരാര്‍. 2019ല്‍ ഒപ്പുവച്ച ഈ കരാര്‍ പ്രകാരം റിലയന്‍സിന്റെ 20 ശതമാനം ഓയില്‍കെമിക്കല്‍സ് ബിസിനസ് അരാംകോയുടെതായി മാറും. 1500 കോടി ഡോളറിന്റെ മൂല്യമുള്ള കരാറായിരുന്നു ഇത്. ഒരു വിദേശ കമ്പനി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയായിരുന്നു ഇത്.

കറാര്‍ പുനപ്പരിശോധിച്ച് റിലയന്‍സ്

റിലയന്‍സ് അവരുടെ ഊര്‍ജ്ജനയത്തില്‍ വരുത്തിയ അടിമുടി മാറ്റം വരുത്തിയതാണ് കരാറില്‍നിന്നു പിന്നാക്കം പോവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നതിന് പകരം ഹരിതോര്‍ജ്ജത്തെ കൂടുതലായി ആശ്രയിക്കാനാണ് തീരുമാനം. പ്രകൃതിക്ക് കാര്യമായ ക്ഷതമേല്‍ക്കാത്തതാണ് ഹരിതോര്‍ജ്ജം.ദശാബ്ദങ്ങളായി റിലയന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഫോസില്‍ ഇന്ധനത്തിലാണ്. അതാകട്ടെ പ്രകൃതിക്ക് വലിയ ഭീഷണിയുമാണ്. ഫോസിലുകള്‍ ചൂടാക്കുന്നതിലൂടെ ലഭിക്കുന്ന ഇന്ധനം കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകും. പ്രകൃതിയുടെ നിലനില്‍പ്പ് ഭീഷണിയിലാക്കുന്നതാണ് കാര്‍ബണ്‍ പുറംതള്ളുന്ന പ്രക്രിയ. ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം കാര്‍ബണ്‍ ബഹിര്‍ഗമനമാണ്.

അന്തരീക്ഷത്തില്‍ അമിതമായ തോതില്‍ കാര്‍ബണ്‍ എത്തുന്നതിലൂടെ ചൂട് ഇരട്ടിയാകുന്നു. താപനില ഉയരുന്നു. പ്രകൃതിയുടെ സ്വഭാവം മാറുന്നതിന് ഇത് കാരണമാകും. അപ്രതീക്ഷിതമായ മാറ്റം കാലാവസ്ഥയില്‍ കാണുന്നു. വേനലില്‍ പോലും പ്രളയ സാധ്യത തള്ളാനാകില്ലെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തിലാണ് കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ ലോക നേതാക്കള്‍ ആലോചിക്കുന്നത്. വികസിതവികസ്വര രാജ്യങ്ങള്‍ക്കിടയില്‍ വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്.

പുനരുപയോഗ ഊര്‍ജത്തെ ആശ്രയിക്കും

റിലയന്‍സ് ഇനി കൂടുതലായി പുനരുപയോഗ ഊര്‍ജത്തെ ആശ്രയിക്കുമെന്നാണ് വിവരം. കാറ്റ്, വെള്ളം, തിരമാല, സൂര്യന്‍ തുടങ്ങിയവയില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത്തരം ഊര്‍ജ നിര്‍മാണം പ്രകൃതിക്ക് ഭീഷണിയല്ല. പുനരുപയോഗ ഊര്‍ജ മേഖലയില്‍ റിലയന്‍സ് 1000 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് മുകേഷ് അംബാനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഗ്രീന്‍ എനര്‍ജിക്ക് ഇന്ത്യ ഊന്നല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം ഇന്ത്യ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോസിലുകളില്‍ നിന്നല്ലാത്ത ഇന്ധന വിഭവ ശേഖരണം വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. രാജ്യത്തെ അഞ്ചിലൊന്ന് ഗ്രീന്‍ എനര്‍ജി സപ്ലെ ചെയ്യുന്നത് റിലയന്‍സ് ആണ്. ഈ മേഖലയെ സജീവമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നുമുണ്ട്.

Tags:    

Similar News