ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിരുദുനഗര്‍ ജില്ലയിലെ വായാമ്പട്ടി സാത്തൂര്‍ ഓടപ്പെട്ടി ഗ്രാമത്തിലെ പടക്കനിര്‍മാണ യൂനിറ്റിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ മേഘനാഥ് റെഡ്ഡി അറിയിച്ചു. കഴിഞ്ഞയാഴ്ച തമിഴ്‌നാട് ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.
എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശ്രീവില്ലി- പുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേര്‍ ജോലിചെയ്യുന്ന പടക്കനിര്‍മാണശാലയുടെ കെമിക്കല്‍ ബ്ലന്‍ഡിങ് വിഭാഗത്തിലാണ് അപകടമുണ്ടായത്.
വിരുദുനഗര്‍ ജില്ലയിലെ കലത്തൂര്‍ ആര്‍കെവിഎം ഫയര്‍വര്‍ക്ക്‌സിലാണ് പുതുവര്‍ഷ ദിനത്തില്‍ തീപ്പിടിത്തമുണ്ടായത്. കരിമരുന്ന് നിര്‍മാണത്തിനിടെ തീപ്പൊരിയുണ്ടായതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.