യുദ്ധക്കപ്പലിലെ പൊട്ടിത്തെറി: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
മുംബൈ: യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലുണ്ടായത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൊട്ടിത്തെറി ഉണ്ടായത് എസി കമ്പാര്‍ട്ട്‌മെന്റിലാണെന്നും കണ്ടെത്തി .പരിക്കേറ്റ 11നാവികരുടെ നില ഗുരുതരമല്ല. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചെന്നും പേരു വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും നാവികസേന അറിയിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം. ഇന്റേണല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ നാവികരെ അടിയന്തര ചികിത്സയ്ക്കായി മാറ്റിയിരുന്നു. സ്ഥിതി വേഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നും കപ്പലിന് കാര്യമായ കേടുപാടില്ലെന്നും നേവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണവും പിന്നാലെ പ്രഖ്യാപിച്ചിരുന്നു. 1986ല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായതാണ് ഐഎന്‍എസ് രണ്‍വീര്‍. അഞ്ച് രാജ്പുത്ത് ക്ലാസ് യുദ്ധ കപ്പലുകലില്‍ നാലാമത്തേത്. വിശാഖപട്ടണമാണ് ബേസെങ്കിലും മുംബൈ ബേസിലേക്ക് പരിശീലനത്തിന്റെ ഭാഗമായി എത്തിച്ചതായിരുന്നു. തിരികെ വിശാഖപട്ടണത്തേക്ക് മടങ്ങിനിരിക്കെയാണ് അപകടം. 2008ല്‍ സാര്‍ക് ഉച്ചകോടിക്കായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ക്ക് സുരക്ഷ ഒരുക്കിയതടക്കം നിര്‍ണായക നടപടികളില്‍ പങ്കാളിയായിട്ടുണ്ട് ഐഎന്‍എസ് രണ്‍വീര്‍.