ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ് ഗസ; മുന്നറിയിപ്പിനു പിന്നാലെ അഷ്‌കലോണിലേക്ക് റോക്കറ്റ് തൊടുത്ത് ഹമാസ്
ഗസ സിറ്റി: ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം നാലാംദിവസം പിന്നിടുമ്പോഴേക്കും ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ പരിക്കേറ്റവരുടെ എണ്ണം വന്‍തോതില്‍ കൂടുന്നു. വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ കൊണ്ട് ഗസയിലെ ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. വൈദ്യുതിയും വെളിച്ചവും ഭക്ഷണവും ഉള്‍പ്പെടെ വിലക്കിയതോടെ ഗസയില്‍ ജനം പൊറുതിമുട്ടുന്നതിനിടെയാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ആംബുലന്‍സ് ഉള്‍പ്പെടെ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. അതിനിടെ, ഗസയിലെ ആശുപത്രികളിലേക്ക് 'അടിയന്തിര വൈദ്യസഹായം നല്‍കുന്നത് ഉറപ്പാക്കാന്‍' മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്തു. ഇസ്രായേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ മെഡിക്കല്‍ സഹായം പോലും ലഭ്യമാവുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. അതിര്‍ത്തി കടന്നുള്ള ഏതൊരു സഹായത്തെയും ബോംബിട്ടുതകര്‍ക്കുമെന്ന ഇസ്രായേല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാനുഷിക ദുരന്തത്തിന് കാരണമാക്കുമെന്നും പലരും മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
ഗസയില്‍ 140 കുട്ടികളടക്കം 77പേരും ഇസ്രായേലില്‍ 900ലേറെ പേരുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ ഗസ മുനമ്പിലേക്ക് തുടര്‍ച്ചയായി ശക്തമായ ബോംബാക്രമണമാണ് നടത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ക്യാംപും ആശുപത്രിയും ഉള്‍പ്പെടെയുള്ളവയ്ക്കു നേരെ ബോംബാക്രമണം നടത്തിയിരുന്നു. അതിനിടെ, വൈകീട്ട് അഞ്ചിനു മുമ്പ് അഷ്‌കലോണില്‍ നിന്ന് ഇസ്രായേലി കുടിയേറ്റക്കാര്‍ ഒഴിഞ്ഞുപോവണമെന്ന ഹമാസ് സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗ്രേഡ് മുന്നറിയിപ്പ് നല്‍കുകയും സമയം പിന്നിടുകയും ചെയ്തതോടെ റോക്കറ്റ് ആക്രമണം തുടങ്ങിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തുടരെത്തുടരെയുള്ള റോക്കറ്റ് ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഹമാസിന്റെ റോക്കറ്റുകള്‍ പതിച്ചിട്ടുണ്ട്. ഇതിനുപുറമെ, അല്‍ ഖസ്സാം ബ്രിഗേഡിന്റെ നേവി കമാന്‍ഡോകള്‍ അഷ്‌കലോണ്‍ കുടിയേറ്റ മേഖലയിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഈയിടെ ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും അല്‍അഖ്‌സ മസ്ജിദ് വളപ്പില്‍ ആക്രമണം നടത്തുകയും സമീപ മാസങ്ങളിലായി നിരവധി ഫലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ഹമാസ് ഇസ്രായേലിലേക്ക് തൂഫാലുല്‍ അഖ്‌സ എന്ന പേരില്‍ മിന്നലാക്രമണം നടത്തിയത്.