ഗസ:ഇസ്രായേലിന്റെ അഞ്ചു സൈനികരെ കൂടെ ഗസയില്‍ വധിച്ചതായി ഹമാസ്അറിയിച്ചു. വടക്കന്‍ ഗസയില്‍ തങ്ങളുടെ പോരാളികള്‍ അഞ്ച് ഇസ്രായേല്‍ സൈനികരെ കൂടി വധിച്ചതായി ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ്സാണ് അറിയിച്ചത്. ഗസ സിറ്റിയുടെ വടക്കുപടിഞ്ഞാറുള്ള ഒരു കെട്ടിടത്തില്‍ തമ്പടിച്ചിരിക്കുന്ന പട്ടാളക്കാരെ അല്‍ഖസ്സാം സൈന്യം ആക്രമിക്കുകയായിരുന്നു. മെഷീന്‍ ഗണ്ണുകളും ബോംബുകളും ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യത്തെ നേരിട്ടുവെന്നും അഞ്ച് സൈനികരെ കൊന്നുവെന്നുമാണ് ഹമാസിന്റെ പ്രസ്താവനയിലുള്ളത്.അതിനിടെ, ഗസയില്‍ വെടിനിര്‍ത്തലിന് അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തി അറബ് രാജ്യങ്ങള്‍. ശനിയാഴ്ച വൈകീട്ട് അമ്മാനില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അറബ് മന്ത്രിമാര്‍ ബ്ലിങ്കനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയത്. റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേലിനെ സമ്മതിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചുവരികയാണ്.
ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പായി അറബ് വിദേശ മന്ത്രിമാര്‍ ഏകോപന യോഗം ചേര്‍ന്ന് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തു. ഗസയിലും പരിസരപ്രദേശങ്ങളിലും നിരായുധരായ സാധാരണക്കാരുടെ രക്തച്ചൊരിച്ചില്‍ തടയാന്‍ സഹായിക്കുന്ന നിലക്ക് സൈനിക ആക്രമണങ്ങള്‍ നിര്‍ത്തുന്നതിലും ഫലസ്തീന്‍ പ്രശ്നത്തിന് നീതിപൂര്‍വകവും സമഗ്രവുമായ പരിഹാരം കാണുന്നതിലുമുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തിര പങ്കിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനു പുറമെ, വിദേശ മന്ത്രാലയത്തില്‍ പോളിസി പ്ലാനിംഗ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ സൗദ് അല്‍കബീര്‍ രാജകുമാരന്‍, രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, ജോര്‍ദാനിലെ സൗദി അംബാസഡര്‍ നായിഫ് അല്‍സുദൈരി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്‌മാന്‍ അല്‍ദാവൂദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജോര്‍ദാന്‍, ഈജിപ്ത്, യു.എ.ഇ, ഖത്തര്‍ വിദേശ മന്ത്രിമാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയും ഏകോപന യോഗത്തില്‍ പങ്കെടുത്തു.
ഏകോപന യോഗത്തില്‍ പങ്കെടുത്ത വിദേശ മന്ത്രിമാരുമായി ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് കൂടിക്കാഴ്ച നടത്തി. ഗസയിലെ ഗുരുതരമായ സംഭവവികാസങ്ങളില്‍ അന്താരാഷ്ട്ര സമൂഹവുമായി ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ അറബ് ഏകോപനം തുടരേണ്ടതിന്റെ ആവശ്യകത ജോര്‍ദാന്‍ രാജാവ് ഊന്നിപ്പറഞ്ഞു. ഗസ യുദ്ധം അവസാനിപ്പിക്കാനും ഗസയില്‍ തുടര്‍ച്ചയായി സഹായങ്ങള്‍ എത്തിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തിനും വന്‍ ശക്തികള്‍ക്കു മേലും സമ്മര്‍ദം ചെലുത്തേണ്ടത് അറബ് രാജ്യങ്ങളുടെ കടമയാണ്. സൈനിക, സുരക്ഷാ പോംവഴികള്‍ ഫലസ്തീന്‍, ഇസ്രായില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ വിജയിക്കില്ല. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള നീതിപൂര്‍വകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്ന രാഷ്ട്രീയ പരിഹാരം മാത്രമാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം. ഗസയെയും വെസ്റ്റ് ബാങ്കിനെയും വേര്‍പ്പെടുത്താനുള്ള ഒരു ശ്രമങ്ങളും ജോര്‍ദാന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും അബ്ദുല്ല രണ്ടാമന്‍ രാജാവ് പറഞ്ഞു.