ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു. രാജ്യത്തെങ്ങും ശക്തമായ ചൂടാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ബദ്ദയിലാണ് ഏപ്രിലിലെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്- 47.4 ഡിഗ്രി സെല്‍ഷ്യസ്. കൂടാതെ മറ്റ് പല സ്ഥലങ്ങളും ഈ മാസത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ടുദിവസങ്ങളില്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഉഷ്ണതരംഗം മെയ് രണ്ടുവരെ തുടരും. ചില സംസ്ഥാനങ്ങളില്‍ നേരിയ മഴ ലഭിക്കുമെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കുറയാന്‍ ഇനിയും ദിവസങ്ങളേറെ എടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഉത്തര്‍പ്രദേശിലെ അലഹബാദ്, ഝാന്‍സി, ലഖ്‌നോ എന്നിവിടങ്ങളില്‍ ഏപ്രിലില്‍ യഥാക്രമം 46.8 ഡിഗ്രി സെല്‍ഷ്യസ്, 46.2 ഡിഗ്രി സെല്‍ഷ്യസ്, 45.1 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമും മധ്യപ്രദേശിലെ സത്‌നയും ഈ മാസത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 45.9 ഡിഗ്രി സെല്‍ഷ്യസും 45.3 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. മറ്റ് സ്ഥലങ്ങളില്‍, ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഒബ്‌സര്‍വേറ്ററിയില്‍ 46.4 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനിലെ ഗംഗാനഗറില്‍ 46.4 ഡിഗ്രി സെല്‍ഷ്യസും മധ്യപ്രദേശിലെ നൗഗോംഗില്‍ 46.2 ഡിഗ്രി സെല്‍ഷ്യസും മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരില്‍ 46.4 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി.
ദേശീയ തലസ്ഥാനത്തിന്റെ ബേസ് സ്‌റ്റേഷനായ ദില്ലിയിലെ സഫ്ദര്‍ജങ് ഒബ്‌സര്‍വേറ്ററിയില്‍ രണ്ടാം ദിവസവും കൂടിയ താപനില 43.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നഗരത്തില്‍ 12 വര്‍ഷത്തിനിടെ, ഏപ്രിലില്‍ ഒരു ദിവസം അനുഭവപ്പെടുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. 2010 ഏപ്രില്‍ 18 ന് ദില്ലിയില്‍ 43.7 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. തെക്കന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ സമീപത്ത് രൂപം കൊള്ളുന്ന ന്യൂനമര്‍ദത്തിലാണ് തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് പ്രതീക്ഷ ഉള്ളത്.
അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ അഭാവം കാരണം മാര്‍ച്ച് മാസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നില്ല. ഇതാണ് ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയിലുണ്ടായ മൂന്ന് ഉഷ്ണ തരംഗത്തിനും പ്രധാന കാരണം. രാജസ്ഥാനിലെ കാലാവസ്ഥാ വ്യതിയാനവും ഡല്‍ഹിയില്‍ ഉഷ്ണ തരംഗത്തിന് കാരണമായിട്ടുണ്ട്. ഇന്നലെ അന്തരീക്ഷ താപനിലയില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും ഇന്ന് ചൂട് കൂടിയേക്കുമെന്നാണ് ഐഎംഡി പ്രവചനം. നാളെ കൂടി കനത്ത ചൂട് ഡല്‍ഹിയില്‍ അനുഭവപ്പെട്ടേക്കാം.
എന്നാല്‍, മെയ് 2 ന് ശേഷം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിചിട്ടുണ്ട്. രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി പൊടിക്കാറ്റിന് സാധ്യതയുണ്ട്. അതിതീവ്ര അവസ്ഥയിലുള്ള ഉഷ്ണ തരംഗ സാധ്യത ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 72 വര്‍ഷത്തെ ഉയര്‍ന്ന അന്തരീക്ഷ താപനിലയാണ് ഏപ്രില്‍ മാസം ഇതുവരെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.