കസ്റ്റഡിയിലുള്ള പ്രതി ഫോണ്‍ പോലിസിന് നല്‍കാത്തത് കുറ്റകരമല്ല: ആന്ധ്രപ്രദേശ് ഹൈക്കോടതി
കുറ്റാരോപിതനായ ഒരു വ്യക്തിയേയും തങ്ങള്‍ക്കെതിരേ തന്നെ സാക്ഷ്യം പറയാന്‍ നിര്‍ബന്ധിക്കരുതെന്ന ഭരണഘടനയുടെ 20(3) വകുപ്പിന്റെ ലംഘനമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
അമരാവതി: പോലിസ് കസ്റ്റഡിയിലുള്ള പ്രതി മൊബൈല്‍ ഫോണ്‍ സമര്‍പ്പിക്കാത്തതിനെ കുറ്റമായി കാണാനാവില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം ഇത്തരം സാഹചര്യങ്ങളില്‍ പോലിസിന് ഉയര്‍ത്താനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കുറ്റാരോപിതനായ ഒരു വ്യക്തിയേയും തങ്ങള്‍ക്കെതിരേ തന്നെ സാക്ഷ്യം പറയാന്‍ നിര്‍ബന്ധിക്കരുതെന്ന ഭരണഘടനയുടെ 20(3) വകുപ്പിന്റെ ലംഘനമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
തെലുങ്കു ദേശം പാര്‍ട്ടിയുടെ ഓഫീസ് ആക്രമിച്ചെന്ന കേസിലെ പ്രതിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ എന്‍ സുരേഷ് ബാബുവിന് ജാമ്യം നല്‍കിയാണ് ഹൈക്കോടതി ഉത്തരവ്. എന്‍ സുരേഷ് ബാബുവിന് ജാമ്യം നല്‍കരുതെന്നായിരുന്നു പോലിസിന്റെ വാദം. കേസിലെ നിര്‍ണായകമായ തെളിവാകാവുന്ന മൊബൈല്‍ ഫോണ്‍ സുരേഷ് ബാബു ഇതുവരെ കൈമാറിയിട്ടില്ലെന്ന് പോലിസ് വാദിച്ചു. ഈ ഫോണ്‍ ലഭിക്കാതെ അന്വേഷണം മുന്നോട്ടു പോവില്ലെന്നും പോലിസ് വാദിച്ചു. ഈ വാദം തള്ളിയാണ് സുരേഷ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്.