ആലുവയില്‍ വ്യാജമദ്യ ശേഖരം പിടികൂടി; കണ്ടെടുത്തത് 50 കുപ്പിയിലേറെ വ്യാജമദ്യം, ഒഴിവായത് വന്‍ ദുരന്തം
വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ആലുവ പരിസരത്ത് വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു.
ആലുവ: ആലുവ കുന്നത്തേരി ഭാഗത്ത്‌നിന്ന് വന്‍തോതില്‍ വ്യാജമദ്യം പിടിച്ചെടുത്തു. മദ്യകമ്പനികളുടെ വ്യാജ ലേബല്‍ പതിച്ച 50 ലേറെ കുപ്പികളാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. ആരേയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.
ലോക്ഡൗണ്‍ ആയതിനാല്‍ വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക ഷാഡോ സംഘത്തെ ആലുവ എക്‌സൈസ് റേഞ്ചില്‍ രൂപീകരിച്ചിരുന്നു. ഇതേതുടര്‍ന്ന്, ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വ്യാജലേബലുകള്‍ പതിച്ച ഒഴിഞ്ഞ ഒരു മദ്യക്കുപ്പി കുന്നത്തേരി പരിസരത്ത് നിന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കണ്ടെത്തിയിരുന്നു. സാനിറ്റെസെര്‍ അടങ്ങിയ കുപ്പി ആണ് എന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയില്‍ മദ്യമാണെന്ന് മനസ്സിലായി. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷത്തിലൊടുവിലാണ് ആലുവ കുന്നത്തേരി ഭാഗത്തെ ആള്‍ പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിപ്പിച്ച് വച്ച നിലയില്‍ വ്യാജമദ്യ ശേഖരം കണ്ടെത്തിയത്.
ഷാഡോ ടീമംഗങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തമാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. വ്യാജമായി മദ്യം നിര്‍മിക്കുക, മദ്യത്തിന്റെ ലേബലുകള്‍ വ്യാജമായി ഉണ്ടാക്കിയെടുക്കുക എന്നത് ഗുരുതരമായ കുറ്റ കൃത്യമായതിനാല്‍ ഇത് അതീവ ഗൗരവമായി കാണുന്നതായി എക്‌സൈസ് ഉന്നതര്‍ അറിയിച്ചു. ഈസ്റ്റര്‍, വിഷു എന്നിവ പ്രമാണിച്ച് കൊണ്ട്‌വന്ന് വച്ചതാകാമെന്ന് അധികൃതര്‍ പറഞ്ഞു.
വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ആലുവ പരിസരത്ത് വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവരെ ഉടന്‍ പിടി കൂടുമെന്നും ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഷാജി എ കെ ഓഫിസര്‍, ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഗിരീഷ്, വികാന്ദ്, നീതു എന്നിവരാണ് മദ്യം പിടിച്ചെടുത്തത്.