മദ്യനയത്തിലെ അന്വേഷണം: മനീഷ് സിസോദിയക്ക് വിദേശയാത്രക്ക് വിലക്ക്
മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 31 സ്ഥലങ്ങളിലും വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മദ്യനയ ലംഘനവുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ എഫ്‌ഐആറില്‍ പേരുള്ള മറ്റ് 12 പേര്‍ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അധികൃതര്‍ അറിയിച്ചു.
മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 31 സ്ഥലങ്ങളിലും വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു.
സിബിഐയുടെ എഫ്‌ഐആറില്‍ പേരുള്ള 15 പ്രതികളുടെ പട്ടികയില്‍ സിസോദിയയാണ് ഒന്നാം സ്ഥാനത്ത്. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് 11 പേജുള്ള രേഖയില്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍. എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകളില്‍ മദ്യക്കമ്പനികളും ഇടനിലക്കാരും സജീവമായി പങ്കെടുത്തെന്നാണ് അന്വേഷണ ഏജന്‍സി ആരോപിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിക്കെതിരേ (എഎപി) കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തതിന് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സിസോദിയ രൂക്ഷമായ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലുക്കൗട്ട് നോട്ടിസ്.
തന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് 'ഹൈക്കമാന്‍ഡ്' നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
എഎപി തലവന്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയുടെ പ്രധാന വെല്ലുവിളിയായി അവര്‍ കാണുന്നതിനാലാണ് അദ്ദേഹത്തെ തകര്‍ക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നതെന്നും സിസോദിയ പറഞ്ഞു.