കൊറോണ വൈറസിനെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പ്രവചിച്ചിരുന്നതായി വ്യാജ പ്രചരണം
ഇബ്രാഹിം ബിന്‍ സാലൂഖി എഴുതിയ അഖ്ബാര്‍ അല്‍ സമാന്‍ എന്ന അറബി ഗ്രന്ഥത്തില്‍ 965 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരമൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം.
ന്യൂഡല്‍ഹി: ലോകത്താകെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ പ്രവചിച്ചിരുന്നതായി വ്യാജ പ്രചരണം. ഇബ്രാഹിം ബിന്‍ സാലൂഖി എഴുതിയ അഖ്ബാര്‍ അല്‍ സമാന്‍ എന്ന അറബി ഗ്രന്ഥത്തില്‍ 965 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരമൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം. മലയാളത്തിലുള്ള ശബ്ദ സന്ദേശത്തോടൊപ്പമാണ് ഈ പ്രചരണം കൊഴുക്കുന്നത്. ഒരു മുസ്ലിം പണ്ഡിതന്റെ ശബ്ദം എന്ന പേരിലാണ് ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
'കാലം 2020 ആയാല്‍, അക്കാലഘട്ടത്തില്‍ വലിയ ഒരു രോഗം ലോകത്ത് പ്രത്യക്ഷപ്പെടും, കഅബാലയം ലക്ഷ്യം വെച്ച ആളുകളെ ഒക്കെ തടയപ്പെടും. നിശബ്ധമായ രൂപത്തിലുള്ള മരണങ്ങള്‍ സംഭവിക്കും, വെട്ടുകിളികള്‍ പരിധി വിട്ട് രംഗത്തേക്ക് വരും. ആരാധനകള്‍ ഒക്കെ തളര്‍ന്ന് പോകും. ആ ശ്വാസ കോശ രോഗം മൂലം റോമിന്റെ രാജാവ് മരണപ്പെടും. സഹോദരന്‍ സഹോദരനെ ഭയപ്പെട്ട് അകന്ന് പോകും, പുറപ്പാടിലെ ജൂതന്‍മാരെ പോലെ ആകും. കച്ചവടങ്ങളും വ്യാപാരങ്ങളും തകരും. വിലക്കയറ്റം ഉണ്ടാകും. ഈ സംഭവങ്ങള്‍ മാര്‍ച്ച് മാസത്തിലാണ് പ്രതീക്ഷിക്കേണ്ടത്. അടിസ്ഥാനം തന്നെ പുഴക്കി കളയുന്ന തരത്തിലുള്ള മഹാമാരിയായിരിക്കുമത്. ജനങ്ങളില്‍ മൂന്നിലൊരു ഭാഗം മരണപ്പെടും. കുട്ടികള്‍ക്ക് പോലും നര ബാധിക്കും' തുടങ്ങിയ പ്രവചനമാണ് ഇബ്രാഹിം ബിന്‍ സാലൂഖിയുടെ കിതാബിലേതെന്ന പേരില്‍ പ്രചരിക്കുന്നത്.
റോമന്‍ രാജാവ് മരണപ്പെടും എന്ന പ്രവചനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊറോണ ബാധിച്ച സംഭവവുമായി ബന്ധിപ്പിച്ചാണ് ആളുകള്‍ വ്യാഖ്യാനിക്കുന്നത്. പ്രവചന വാചകങ്ങള്‍ അറബിയില്‍ എഴുതിയ ഒരു പേജിന്റെ സ്‌ക്രീന്‍ ഷോട്ടും ശബ്ദ രേഖയോടൊപ്പം പ്രചരിക്കുന്നുണ്ട്.
ഇബ്രാഹിം ബിന്‍ സാലൂഖിയുടെ അഖ്ബാര്‍ അല്‍ സമാന്‍ എന്ന ഗ്രന്ഥത്തിലെ 365ാം പേജില്‍ നിന്നുള്ള ഭാഗങ്ങള്‍ എന്നാണ് അതില്‍ എഴിതിയിരിക്കുന്നത്.
എന്നാല്‍, പ്രമുഖ അറബ് ചരിത്രകാരനായ അല്‍ മസ്ഊദി എന്ന പേരില്‍ അറിയപ്പെടുന്ന അബു അല്‍ ഹസന്‍ അലി ഇബ്നു അല്‍ ഹുസൈന്‍ അല്‍ മസ്ഊദിയുടെ പ്രസിദ്ധമായ ചരിത്ര ഗ്രന്ഥമാണ് അഖ്ബാര്‍ അല്‍ സമാന്‍ അഥവാ കാലത്തിന്റെ ചരിത്രം. 893ന് മുന്‍പ് ഇറാഖിലെ ബാഗ്ദാദില്‍ ജനിച്ച ഇദ്ദേഹം 956 സെപ്തംബറില്‍ ഈജിപ്തിലെ ഇന്നത്തെ കെയ്റോയില്‍ വെച്ചാണ് മരണപ്പെട്ടത്.
അതേസമയം, ഈ പേരില്‍ ഒരു പുസ്തകം ഇബ്രാഹിം ബിന്‍ സാലൂഖി എന്നയാള്‍ എഴുതിയിട്ടില്ലെന്നാണ് സൗദി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.