ആരോപണങ്ങള്‍ അടിസ്ഥാനരഹിതം;വായടപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ പോരാട്ടം തുടരുമെന്നും ആള്‍ട്ട് ന്യൂസ്
സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്ന ആരോപണവും തെറ്റാണെന്ന് ആള്‍ട്ട് ന്യൂസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: വിദേശ ഫണ്ടിങ് അടക്കം തങ്ങള്‍ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ്.വിദേശ ഫണ്ടിങ് ലഭിച്ചുവെന്ന വാര്‍ത്ത തികച്ചും വ്യാജമാണെന്നും,എല്ലാ സാമ്പത്തിക ഇടപാടുകളും ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാണെന്നും ആള്‍ട്ട് ന്യൂസും മാതൃ സംഘടനയായ പ്രവ്ദ മീഡിയയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്ന ആരോപണവും തെറ്റാണെന്ന് ആള്‍ട്ട് ന്യൂസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.മാസാന്തം കമ്പനി നല്‍കുന്ന പ്രതിഫലം മാത്രമാണ് അവരുടെ വരുമാനമെന്നും, വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആരോപണങ്ങളെന്നും തങ്ങളെ തകര്‍ക്കാനായി ഉന്നതങ്ങളില്‍ നടക്കുന്ന ഈ ശ്രമങ്ങള്‍ക്കെതിരെ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ആരോപിച്ച് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. '2014ന് മുമ്പ് ഹണിമൂണ്‍ ഹോട്ടല്‍, 2014ന് ശേഷം ഹനുമാന്‍ ഹോട്ടല്‍' എന്ന് മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ച് 'ഹനുമാന്‍ ഭക്ത്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് പ്രതിഷേധമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സുബൈറിന്റെ അറസ്റ്റ് എന്നാണ് പോലിസ് വിശദീകരണം.