മലപ്പുറത്ത് നാലംഗ കുടുംബത്തെ വാടകവീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2023-07-07 04:23 GMT

മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടകവീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകന്‍ സബീഷ്(37), ഭാര്യ ഷീന(35), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് ശ്രീവര്‍ധന്റെ മൃതദേഹം ഉണ്ടായിരുന്നത്. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു. കണ്ണൂര്‍ മുയ്യം കുറുമാത്തൂര്‍ പരതൂര്‍ ചെക്കിയില്‍ നാരായണന്റെ മകളാണ് ഷീന. കുട്ടികള്‍ വിഷം അകത്തുചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷീനയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനാല്‍ രാത്രി 11ന് പോലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് സംഘം വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂരിലെ എസ്ബിഐ ബാങ്കില്‍ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. സഭവത്തില്‍ മലപ്പുറം പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News