റമദാനിലെ അവസാനത്തെ വെള്ളി: മഹാമാരിയുടെ മൂക സാക്ഷ്യമായ് ആളൊഴിഞ്ഞ മസ്ജിദുകള്‍...
വിശുദ്ധ റമദാനിന് ഇമാമുമാരുടെ യാത്രാമൊഴി
കോഴിക്കോട്: സാമൂഹിക സമ്പര്‍ക്കം വിലക്കപ്പെട്ട മഹാമാരിയുടെ ആസുരതയില്‍ വിശ്വാസികള്‍ക്ക് നോവും തീരാ നഷ്ടവുമായി ഈ റമദാനിലെയും അവസാനത്തെ വെള്ളിയാഴ്ച. ആണ്ടിലൊരിക്കല്‍ വിരുന്നെത്തുന്ന റമദാന്‍ പാരസ്പര്യത്തിന്റെ ഊഷ്മളതയും അസുലഭാവസരങ്ങളുമാണ് മഹാ മാരിയുടെ മരണ താണ്ഡവത്തിനു മുന്നില്‍ ഇത്തവണയും ഏറെക്കുറെ നിശ്ചലമായിപ്പോയത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ഭൂരിഭാഗം മസ്ജിദുകളും അടഞ്ഞു കിടന്നതിനാല്‍ വിശ്വാസികള്‍ക്ക് ഈ റമദാനിലെ അവസാന ജുമുഅ നഷ്ടമായി. കണ്ടെയ്ന്‍മെന്റെ സോണുകല്‍ അല്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഇന്ന് ജുമുഅ നടന്നത്. ജുമുഅ പ്രാര്‍ഥനകളില്‍ മഹാമാരിയില്‍ നിന്ന് ലോകത്തെ മുക്തമാക്കാന്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയിരുന്നു.
മഹാഭൂരിഭാഗം നഗരങ്ങളിലെയും വാതിലടഞ്ഞ മസ്ജിദുകള്‍ റമദാന്‍ അവസാന വെള്ളിയുടെ നോവുന്ന കാഴ്ചയായി. പള്ളിയങ്കണങ്ങള്‍ കവിഞ്ഞ് നഗര റോഡുകളിലും മറ്റും ജുമുഅ സ്വഫ്ഫുകള്‍ നീളുന്നതിന്റെ ഓര്‍മ്മ ചിത്രങ്ങള്‍... കഴിഞ്ഞ റമദാനിനേതിനു സമാനമായി ഈ വര്‍ഷവും പുണ്യമാസത്തിന്റെ ചൈതന്യങ്ങള്‍ക്കുമേല്‍ കൊവിഡിന്റെ കറുത്ത നിഴല്‍.
ഈ വര്‍ഷത്തെ റമദാനിന് ഇമാമുമാര്‍ ഇന്ന് ജുമുഅ ഖുതുബയില്‍ ഔപചാരിക യാത്രാമൊഴി ചൊല്ലി. ''അസ്സലാമു അലൈക യാ ശഹ്‌റ റമദാന്‍'' എന്ന ഇമാമുമാരുടെ ഉപചാരം ചൊല്ലല്‍ വേദനയോടെയാണ് വിശ്വാസികള്‍ ശ്രവിച്ചത്. ഈ റമദാനിനെയും അതിന്റെ സാമൂഹിക പ്രസക്തിയോടെ വരവേല്‍ക്കാനായില്ലെന്നതാണ് വിശ്വാസികളുടെ വലിയ നഷ്ടം. കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രതയിലേക്കാണ് ഇത്തവണയും റമദാന്‍ സമാഗതമായത്. പൊടുന്നനെ നിയന്ത്രണങ്ങള്‍ കടുത്തത് പലയിടങ്ങളിലും റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എണ്ണമറ്റ മത, ധര്‍മ്മ സ്ഥാപനങ്ങളും വിദ്യാഭ്യാസ-ജീവ കാരുണ്യ സംരംഭങ്ങളും റമദാനിന്റെ കാരുണ്യത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നവയാണ്. റമദാനില്‍ ഗള്‍ഫു നാടുകളില്‍ നിന്നും നാട്ടിലെ ഉദാരമതികളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിലാണ് സമുദായ പരിസരങ്ങളിലെ മഹാ ഭൂരിഭാഗം യത്തീംഖാനകളും മത പഠന ശാലകളും പ്രവര്‍ത്തിക്കുന്നത്. ആഞ്ഞടിക്കുന്ന കൊവിഡ് രണ്ടാംതരംഗം അത്തരം ജീവകാരുണ്യ, സാമൂഹിക സേവന മേഖലകളെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.സംസ്ഥാനത്ത് നാളെ ആരംഭിക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണിലാണ് ഇത്തവണ ഈദുല്‍ ഫിത്വറും വന്നെത്തുന്നത്.