ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ഫാറൂഖ് അബ്ദുല്ല ആദ്യമായി പാര്‍ലമെന്റിലേക്ക്; കശ്മീരിന് പുറത്തേക്ക് കടക്കുന്നത് ഒരു വര്‍ഷത്തിന് ശേഷം
താന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത്തവണ സയമം മാറ്റിവച്ചിട്ടില്ല. എങ്കിലും എല്ലാദിവസവും നാല് മണിക്കൂര്‍ സഭയില്‍ പങ്കെടുക്കും. തങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല മാസങ്ങള്‍ക്കു ശേഷമാണ് കശ്മീരിന് പുറത്തേക്ക് സഞ്ചരിക്കുന്നത്.
കശ്മീരിലെ മുഴുവന്‍ മത, രാഷ്ട്രീയ നേതാക്കളെയും തടവിലാക്കിയാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഫാറൂഖ് അബ്ദുല്ലയെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മോചിപ്പിച്ചത്. താന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത്തവണ സയമം മാറ്റിവച്ചിട്ടില്ല. എങ്കിലും എല്ലാദിവസവും നാല് മണിക്കൂര്‍ സഭയില്‍ പങ്കെടുക്കും. തങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഫാറൂഖ് അബ്ദുല്ല പാര്‍ലമെന്റിലെത്തിയാല്‍ ഇത്തവണത്തെ ശ്രദ്ധാ കേന്ദ്രം അദ്ദേഹം തന്നെയായിരിക്കും. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഒട്ടേറെ നേതാക്കളെ നിയമവിരുദ്ധമായി തടവിലാക്കി എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഫാറൂഖ് അബ്ദുല്ല ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമോ എന്നതാണ് എല്ലാവും ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈകൊണ്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ തടവിലായിരുന്നതിനാല്‍ ഫാറൂഖ് അബ്ദുല്ലയ്ക്കു പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഫാറൂഖ് അബ്ദുല്ല സ്വതന്ത്രനാണ് എന്നാണ് ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. അമിത് ഷാ കള്ളം പറയുകയാണ് എന്നാണ് ഫാറൂഖ് അബ്ദുല്ല ഇതിനോട് പ്രതികരിച്ചത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനം നാളെയാണ് ആരംഭിക്കുന്നത്.
ഒക്ടോബര്‍ ഒന്ന് വരെ തുടരും. ദിവസവും നാല് മണിക്കൂര്‍ വീതമാണ് ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കുക. അവധി ദിനങ്ങള്‍ ഉണ്ടായിരിക്കില്ല. ചോദ്യോത്തര വേള ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ അംഗങ്ങളോടും കൊറോണ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സമ്മേളന നടപടികള്‍.