കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതി ജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് എം കെ സ്റ്റാലിന്‍; ബദല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ചെന്നൈ: ജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതി നടപ്പാക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇത്തരം വിവേചനമില്ലാത്ത തമിഴ്‌നാടിന്റെ സ്വന്തം പദ്ധതി സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. 'കലൈഞ്ജര്‍ കരകൗശല പദ്ധതി' എന്നാണ് പുതിയ പദ്ധതിയുടെ പേര്.
കുല-കുടുംബത്തൊഴിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും പ്രോല്‍സാഹിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് കലൈഞ്ജര്‍ കരകൗശല പദ്ധതി ഉദ്ഘാടന ചടങ്ങില്‍ എം കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ എതിരാണ്. '' കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. കുട്ടികള്‍ കോളജിലോ ഉന്നത വിദ്യാഭ്യാസത്തിനോ പോവുന്ന പ്രായമാണത്. ഇത് കുട്ടികളെ കുലത്തൊഴിലിലേക്ക് തള്ളിയിടാനുള്ള ശ്രമമാണ്.''-സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
'' പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയില്‍ എത്തുന്ന കുട്ടികളെ വീണ്ടും വിദ്യാഭ്യാസ പാതയിലേക്ക് കൊണ്ടുവരുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. പഠനത്തില്‍ നിന്നും പുറത്തായ അവരെ പാരമ്പര്യ തൊഴിലുകളിലേക്ക് എത്തിക്കുകയല്ല ചെയ്യേണ്ടത്. ജാതി അടിസ്ഥാനമാക്കിയ ഇന്ത്യന്‍ സമൂഹത്തില്‍ വിശ്വകര്‍മ പദ്ധതി എന്തുതരത്തിലുള്ള പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക?''-സ്റ്റാലിന്‍ ചോദിച്ചു.
2023ല്‍ കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയം(എംഎസ്എംഇ) ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതി. കുടുംബകേന്ദ്രീകൃത പരമ്പരാഗത തൊഴില്‍ ചെയ്യുന്ന 'ആശാരിമാര്‍, വള്ളക്കാര്‍, കരുവാന്‍, ബാര്‍ബര്‍, തയ്യല്‍ക്കാര്‍, എന്നിവര്‍ ഉള്‍പ്പെടെ 18 വിഭാഗങ്ങള്‍ക്ക് ക്രെഡിറ്റ്, നൈപുണ്യ പരിശീലനം, ഉപകരണങ്ങള്‍, പ്രോത്സാഹനങ്ങള്‍ എന്നിവ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴില്‍ അല്ലെങ്കില്‍ വ്യാപാരം ഗുരു-ശിഷ്യ പാരമ്പര്യത്തിലൂടെ നേടിയെടുത്ത കുടുംബ തൊഴിലാണെന്ന് പ്രഖ്യാപിക്കേണ്ട ഘട്ടമുണ്ട്.
കേന്ദ്രത്തിന്റെ വിശ്വകര്‍മ പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി കലൈഞ്ജര്‍ കരകൗശല പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇഷ്ടമുള്ള തൊഴിലോ വ്യാപാരമോ തിരഞ്ഞെടുക്കാമെന്ന് സ്റ്റാലിന്‍ പറഞ്ഞു. കോളജില്‍ പഠിക്കാന്‍ പോവുന്ന പ്രായത്തിലുള്ളവര്‍ പദ്ധതിയില്‍ ചേരാതിരിക്കാനായി പദ്ധതിയുടെ കുറഞ്ഞ പ്രായപരിധി 35 വയസാക്കി.
നിലവിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിശ്വകര്‍മ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്രത്തെ അറിയിച്ചിരുന്നു. കുടുംബത്തിന്റെ തൊഴിലാണെന്ന പ്രഖ്യാപനം അപേക്ഷകര്‍ നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും പ്രായം 35 ആക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തുമെഴുതി. പദ്ധതിയുടെ ഗുണഭോക്താക്കളെ വിലയിരുത്താനുള്ള ചുമതല ഗ്രാമപഞ്ചായത്ത് മേധാവികളില്‍ നിന്നും റെവന്യു വകുപ്പിന് കീഴിലുള്ള ഗ്രാമഭരണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം നല്‍കിയ മറുപടിയില്‍ വിശദീകരണമുണ്ടായില്ല. തുടര്‍ന്നാണ് പദ്ധതി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു.
പുതിയ പരിപാടിയുടെ ഉദ്ഘാടന ദിവസം തന്നെ 8,951 പേര്‍ക്കായി 170 കോടിയുടെ വായ്പ അനുവദിച്ചു. കേസ്രര്‍ക്കാര്‍ പദ്ധതിയില്‍ 18 തൊഴിലുകളാണ് ഉള്ളതെങ്കില്‍ തമിഴ്‌നാട് പദ്ധതിയില്‍ 25 തൊഴിലുകളുണ്ട്. വിശ്വകര്‍മ പദ്ധതി കുടുംബ-കുലത്തൊഴിലിന് പ്രാധാന്യം നല്‍കുന്ന ഫ്യൂഡല്‍ മാനസികാവസ്ഥയില്‍ നിന്നും രൂപം കൊണ്ടതാണെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
'' മകന്‍, പിതാവിന്റെ തൊഴില്‍ പിന്തുടരണമെന്ന ആശയത്തില്‍ നിന്ന് ഇന്നും ചിലര്‍ പിന്‍മാറിയിട്ടില്ല. ബിജെപിയുടെ പദ്ധതി അങ്ങനെയുള്ളതാണ്. ഇത് ആധുനിക ഇന്ത്യക്ക് യോജിച്ചതല്ല. തമിഴ്‌നാടിന്റെ പദ്ധതി ഏതെങ്കിലും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, ചില തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗുരുകുല വിദ്യാഭ്യാസ രീതികള്‍ക്കും തൊഴിലുകള്‍ക്കുമെതിരെ 1950കളില്‍ പെരിയാറും അണ്ണയും കാമരാജരും പ്രവര്‍ത്തിച്ചു. ജാതി തടസം നീക്കാന്‍ തമിഴ്‌നാട് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. കുടുംബതൊഴിലില്‍ കുടുങ്ങിയെന്ന് ആര്‍ക്കും തോന്നരുത്. അത് സാമൂഹിക നീതിക്കും അവസര തുല്യതക്കും എതിരാണ്.''-സ്റ്റാലിന്‍ വിശദീകരിച്ചു.