നാലാമതും പെണ്‍കുഞ്ഞ്; അച്ഛനും മുത്തശ്ശിയും വിഷം കൊടുത്ത് കൊന്നു

Update: 2020-05-18 07:59 GMT

മധുര: നാലുദിവസം പ്രായമുള്ള കൂഞ്ഞിനെ അച്ഛനും മുത്തശ്ശിയും വിഷം കൊടുത്ത് കൊന്നു. മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ തവമണി(33), അമ്മ പാണ്ടിയമ്മാള്‍ ( 57 ) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു. നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ അസംതൃപ്തരായിരുന്നു ഇവര്‍. കുട്ടിയുടെ അമ്മ ചിത്ര ഇല്ലാത്ത തക്കം നോക്കി ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വൈഗ നദിക്കരയില്‍ മറവുചെയ്യുകയും ചെയ്തു. എരിക്കിന്‍ പാല്‍ നല്‍കിയാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയത്. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നി വില്ലേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

    ഉറക്കത്തിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നും ആശുപത്രിയിലേക്ക് കൊണ്ടുപൊവാന്‍ ആംബുസന്‍സ് വിളിച്ചെന്നാണ് അച്ഛനും അമ്മയും പോലിസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെ തെളിഞ്ഞു. തുടര്‍ന്ന് പോലിസിന്റെ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.

    കഴിഞ്ഞ 3 മാസത്തിനുള്ളില്‍ മധുരയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ ശിശുഹത്യ കേസാണ് ഇത്. നേരത്തെ മാര്‍ച്ചില്‍ ഉസിലാംപട്ടിയില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്‍കി കൊന്നിരുന്നു. സംസ്ഥാനത്ത് സ്ത്രീ ശിശുഹത്യ, ഭ്രൂണഹത്യ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വളരെ ആശങ്കാജനകമാണെന്ന് തമിഴ്നാട് ചൈല്‍ഡ് റൈറ്റ്‌സ് വാച്ച് കണ്‍വീനര്‍ പ്രൊഫസര്‍ ആന്‍ഡ്രൂ സെസുരാജ് പറഞ്ഞു. 1980 കളിലും 1990 കളിലും മധുര ഈ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായിരുന്നു, പ്രത്യേകിച്ച് ഉസിലാംപട്ടി പോലുള്ള സ്ഥലങ്ങള്‍. സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നിരവധി ഗ്രൂപ്പുകളും എന്‍ജിഒകളും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ഈ സമ്പ്രദായം പൂര്‍ണ്ണമായും ഇല്ലാതാക്കപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും, അതില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രവണത കാണുമ്പോള്‍ വീണ്ടും ഉല്‍കണ്ഠയാവുകയാണന്ന് സെസുരാജ് പറഞ്ഞു.



Tags:    

Similar News