പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു

Update: 2021-08-27 04:56 GMT

പത്തനംതിട്ട: പ്രമുഖ പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുക ആയിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അറിയിച്ചു.

പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ 'നൗഷാദ് ദ ബിഗ് ഷെഫി'ന്റെ ഉടമയാണ്. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യയുടെ മരണം. പതിമൂന്ന് വയസുകാരിയായ ഒരു മകളുണ്ട്.

സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു ചലച്ചിത്ര നിര്‍മാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു.

തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍നിന്നാണ് നൗഷാദിന് പാചക താല്‍പര്യം പകര്‍ന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷന്‍ പാചക പരിപാടികളില്‍ അവതാരകനായിട്ടുണ്ട്.

ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകള്‍: നഷ്‌വ. നൗഷാദിന്റെ നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Tags:    

Similar News