'ഡല്‍ഹി വംശഹത്യാ ആക്രമണത്തിന് പിന്നില്‍ ബിജെപി'; ഒടുവില്‍ മൗനം വെടിഞ്ഞ് ആം ആദ്മി പാര്‍ട്ടി

കലാപത്തെക്കുറിച്ചുള്ള സംശയാസ്പദമായ പോലിസ് അന്വേഷണത്തെക്കുറിച്ച് മൗനം അവലംഭിച്ചതുള്‍പ്പെടെ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോവുന്നതാണ് ബിജെപിക്കെതിരായ സിങിന്റെ ആരോപണങ്ങള്‍.

Update: 2020-07-21 16:04 GMT

ന്യൂഡല്‍ഹി: 50ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി വംശഹത്യാ ആക്രമണത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടി (എഎപി). ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിനു പിന്നിലെ 'എഞ്ചിനീയറിങ്' ഹിന്ദു ദേശീയവാദികളായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യാണെന്ന് എഎപി കുറ്റപ്പെടുത്തി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാവി പാര്‍ട്ടി ആഴത്തിലുള്ള ഗൂഢാലോചന നടത്തിയിരുന്നതായും ആംആദ്മി പാര്‍ലമെന്റ് അംഗം സഞ്ജയ് സിങ് ആരോപിച്ചു.

ഡല്‍ഹി വംശഹത്യാ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ (പിപി) നിയമിക്കുന്നത് സംബന്ധിച്ച് ലഫ്. ഗവര്‍ണര്‍ (എല്‍ജി) അനില്‍ ബൈജലും ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം സംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

കലാപം സംഘടിപ്പിച്ചത് ബിജെപിയാണെന്ന് പാര്‍ലമെന്റിലും താന്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി സംഘര്‍ഷങ്ങളില്‍ മൗനം ദീക്ഷിച്ച ആംആദ്മിക്കെതിരേ ആക്റ്റീവിസ്റ്റുകള്‍ കടുത്തവിമര്‍ശനമഴിച്ചുവിട്ടിരുന്നു. രക്ത രൂക്ഷിതമായ ആക്രമണത്തിനു ശേഷമുള്ള ദിവസങ്ങളില്‍ ദുരിതബാധിതരായ കുടുംബങ്ങളെ സന്ദര്‍ശിക്കാത്തതിന്റെ പേരിലും പാര്‍ട്ടി നേതാക്കള്‍ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.

കലാപത്തെക്കുറിച്ചുള്ള സംശയാസ്പദമായ പോലിസ് അന്വേഷണത്തെക്കുറിച്ച് മൗനം അവലംഭിച്ചതുള്‍പ്പെടെ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോവുന്നതാണ് ബിജെപിക്കെതിരായ സിങിന്റെ ആരോപണങ്ങള്‍.

ചില കേസുകളില്‍ പോലിസ് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്നില്ലെന്നും ചിലതില്‍ ദുര്‍ബലമായ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ചിലതില്‍ ശക്തവും ചില സന്ദര്‍ഭങ്ങളില്‍ അധിക കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയും ചിലതില്‍ സത്യം മറച്ചുവെക്കുകയും ചെയ്യുന്നാതായും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ ഇരുണ്ട പ്രവൃത്തികളെ മൂടിവയ്ക്കാനും ഇരുണ്ട മുഖങ്ങള്‍ സംരക്ഷിക്കാനും ബിജെപി സ്വന്തം അഭിഭാഷകരെ നിയമിക്കുകയാണെന്നെന്നും സിങ് ആരോപിച്ചു.

എല്ലാ ക്രിമിനല്‍ കേസുകളിലും പിപികളെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അവകാശമാണെന്നും ബിജെപിയുടെ വക്താക്കളായി കോടതിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകരെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും സിങിനൊപ്പമുണ്ടായിരുന്ന പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതി പറഞ്ഞു.

Tags:    

Similar News